ഏഴ് മാസം ഗർഭിണിയായ യുവതിക്ക് പൊള്ളലേറ്റ സംഭവം, ഫോറൻസിക് സംഘം വീട്ടിലെത്തി തെളിവെടുപ്പ് നടത്തി

Saturday 07 January 2023 1:23 AM IST

പാറശാല: ഏഴ് മാസം ഗർഭിണിയായ യുവതിക്ക് പൊള്ളലേറ്റ സംഭവത്തിൽ ഫോറൻസിക് സംഘം യുവതിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ഭർത്താവ് അജയ്പ്രകാശിന്റെ വീട്ടിൽ കഴിയവെയാണ് അരുണിമക്ക് (23) പൊള്ളലേറ്റത്. തുടർന്ന് അത്യാസന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ പിതാവ് പരശുവയ്ക്കൽ സ്വദേശി ചന്ദ്രശേഖരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം നടന്ന മുരിയങ്കരയിലെ ഭർത്താവിന്റെ വീട് പൊലീസ് സീൽ ചെയ്തു. ഈ വീടാണ് ഫോറൻസിക് സംഘം എത്തി തുറന്ന് പരിശോധന നടത്തിയത്.

ബാംഗ്ലൂരിലായിരുന്ന സൈനികനും ഭാര്യയും അവധിക്ക് നാട്ടിലെത്തിയതാണ്. അവധി കഴിഞ്ഞ് ഭർത്താവ് അജയ്പ്രകാശ് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകാനിരിക്കെ ഭർത്താവ് വീട്ടിലുള്ളപ്പോൾ തന്നെയാണ് പൊള്ളലേറ്റതെന്ന് യുവതി പൊലീസിന് മൊഴി നൽകി. പൊള്ളലേറ്റ യുവതിയെ ഭർത്താവ് തന്നെ ആദ്യം പാറശാലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഗ്യാസ് പൊട്ടിത്തെറിച്ചാണ് പൊള്ളലേറ്റതെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ മണ്ണണ്ണയുടെ ഗന്ധം തിരിച്ചറിഞ്ഞ ആശുപത്രി അധികൃതർ യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വയറ്റിനുള്ളിലെ കുഞ്ഞ് മരണപ്പെട്ടിരുന്നു. രണ്ടുവർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. മെഡിക്കൽകോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന യുവതിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. പാറശാല പൊലീസും ജില്ലാ മജിസ്‌ട്രേട്ടും മെഡിക്കൽ കോളേജിൽ എത്തി ചികിത്സയിലുള്ള അരുണിമയുടെ മൊഴി രേഖപ്പെടിത്തിയിട്ടുണ്ട്.