മെഡിക്കൽ കോളേജിൽ നവജാതശിശു വിഭാഗം
Friday 06 January 2023 9:40 PM IST
തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ നവജാതശിശുക്കൾക്ക് പ്രത്യേക വിഭാഗം തുറന്നു. നവജാതശിശു രോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറായി ഡോ.ഫെബി ഫ്രാൻസിസിനെ നിയമിച്ചതോടെയാണ് നവജാത ശിശുരോഗ വിഭാഗം നിലവിൽ വന്നത്. 45 കിടക്കകളുള്ള അത്യാധുനിക തീവ്ര പരിചരണ വിഭാഗം കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് അസോസിയേറ്റ് പ്രൊഫസർ നിയമനം. പോണ്ടിച്ചേരി ജിപ്‌മെർ മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുരോഗ വിഭാഗം പഠനം പൂർത്തിയായ ഡോ.ഫെബി തൃശൂർ മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി തുടരവേയാണ് നിലവിലെ തസ്തികയിൽ നിയമിതയാകുന്നത്. ദേശീയ മെഡിക്കൽ കമ്മിഷൻ അനുമതി ലഭിച്ചാൽ നവജാത ശിശുരോഗ വിഭാഗം ഡി.എം കോഴ്‌സ് ആരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.നിഷ എം.ദാസ് പറഞ്ഞു.