കലാമണ്ഡലം ചാൻസലർ മല്ലികാ സാരാഭായി ചുമതലയേറ്റു

Friday 06 January 2023 9:42 PM IST

വടക്കാഞ്ചേരി : കലാമണ്ഡലം ചാൻസലറായി ഡോ.മല്ലികാ സാരാഭായി ചുമതലയേറ്റെടുത്തു. അതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ചയും നടത്തി. കലാമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും കലാമണ്ഡലത്തെ അന്താരാഷ്ട്ര തലത്തിൽ തന്നെ ഖ്യാതിയുള്ള പൂർണ്ണമായ ഒരു കലാ സാംസ്‌കാരിക സർവകലാശാലയാക്കാനുമുള്ള പ്രയത്‌നത്തിൽ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി അവരെ അറിയിച്ചു. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കലയെയും സംസ്‌കാരത്തെയും മുഖ്യമായി കരുതുന്ന കേരളത്തിൽ പ്രവർത്തിക്കാനുള്ള സന്തോഷം അവർ മുഖ്യമന്ത്രിയോട് പങ്കുവെച്ചു. കലാമണ്ഡലത്തിന്റെ ഉന്നമനത്തിന് തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും, എത്രയും വേഗം കലാമണ്ഡലം സന്ദർശിച്ച് അവിടെയുള്ള കലാകാരന്മാരുമായി ആശയവിനിമയം നടത്തി പുതിയ വികസന പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അവർ പറഞ്ഞു. മന്ത്രി സജി ചെറിയാനും ചാൻസലറെ കണ്ട് ആശംസകൾ നേർന്നു. വൈസ് ചാൻസലർ ഡോ.എം.വി.നാരായണനും രജിസ്ട്രാർ ഡോ.രാജേഷ് കുമാറും സന്നിഹിതരായി.