സംവിധായിക നയനയുടെ മരണം കേസ് എഴുതിത്തള്ളിയ മ്യൂസിയം പൊലീസ് കുടുങ്ങും

Saturday 07 January 2023 2:58 AM IST

തിരുവനന്തപുരം: യുവസംവിധായിക നയനാ സൂര്യയുടെ ദുരൂഹമരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടിരിക്കെ, ആത്മഹത്യയാക്കി എഴുതിത്തള്ളിയ മ്യൂസിയം പൊലീസ് ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിൽ കുടുങ്ങും. കഴുത്തിൽ മുറിവും അടിവയറ്റിൽ ക്ഷതവുമുണ്ടായിരുന്നിട്ടും ആന്തരികാവയവങ്ങൾ ചവിട്ടേറ്റ് മുറിഞ്ഞ് രക്തസ്രാവമുണ്ടായിട്ടും ഗൗരവത്തോടെ അന്വേഷിക്കാതെ കേസൊതുക്കിയ അന്നത്തെ മ്യൂസിയം സി.ഐയ്ക്കും ക്രൈം എസ്.ഐയ്ക്കും സംഘത്തിനുമെതിരെ നടപടി ഉണ്ടായേക്കും. മ്യൂസിയം പൊലീസ് ഗുരുതര വീഴ്ച വരുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കുറ്റാന്വേഷണത്തിന്റെ ബാലപാഠം മറന്ന്, ആരെയോ സഹായിക്കാനെന്ന പോലെയാണ് മ്യൂസിയം പൊലീസ് കേസ് തെളിയിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അവസാനിപ്പിച്ചത്. ഡി.സി.ആർ.ബി അസി.കമ്മിഷണർ കെ.ജെ.ദിനിൽ ഏതാനും ദിവസം നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന്റെ സാദ്ധ്യതകൾ തെളിഞ്ഞുവന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. നയനയുടെ സുഹൃത്തുക്കൾ പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് രേഖകളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസിന്റെ വൻവീഴ്ചകൾ പുറത്തുവന്നിരുന്നു. അന്വേഷണത്തിലും തെളിവുശേഖരണത്തിലും മ്യൂസിയം പൊലീസ് വരുത്തിയ വീഴ്ചകളാണ് മൂന്നുവർഷം കേസ് തെളിയാതിരിക്കാൻ ഇടയാക്കിയത്. ഗൗരവമായി അന്വേഷിക്കാതിരുന്നതിന് പുറമേ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതും വിവാദത്തിലാണ്.

നയനയുടെ ഫോൺവിളി വിവരങ്ങൾ ശേഖരിക്കാനോ വസ്ത്രമടക്കം ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനോ തയ്യാറായിരുന്നില്ല. 3വർഷം കഴിഞ്ഞതിനാൽ ഫോൺവിളി രേഖകൾ ഇനി ശേഖരിക്കാനാവില്ല.

Advertisement
Advertisement