വ്യാജ രേഖ ചമച്ച് പാസ്പോർട്ട് പ്രതിക്ക് തടവ്,​ ഹാജരാകാത്ത പൊലീസുകാരൻ പ്രതി

Friday 06 January 2023 10:07 PM IST

പയ്യന്നൂർ: വ്യാജമായി സൃഷ്ടിച്ചെടുത്ത രേഖകളുടെ പിൻബലത്തിൽ പാസ്‌പോർട്ട് നേടിയയാൾക്ക് തടവും പിഴയും. ഇത്തരത്തിൽ പാസ്‌പോർട്ട് സമ്പാദിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥനെതിരേ കോടതി വാറന്റ് അയച്ചു. മാടായി വെങ്ങര പോസ്റ്റോഫീസിന് സമീപത്തെ താഹിറ മൻസിലിൽ ഇ. മുഹമ്മദ് ഫാറൂഖി (54) നാണ് പയ്യന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഷീജാ മോഹൻരാജ് തടവും പിഴയും വിധിച്ചത്. ഒരു വർഷം തടവും 17,000 രൂപ പിഴയൊടുക്കാനുമാണ് കോടതി ഉത്തരവ്.

യഥാർത്ഥ പേര് മറച്ചുവച്ച് വ്യാജരേഖകളുടെ പിൻബലത്തിൽ തിരുവനന്തപുരം പാസ്‌പോർട്ട് ഓഫീസിൽനിന്നു കൊല്ലം ചവറ ഷക്കീല മൻസിൽ ഫാറൂഖ് എന്ന പേരിൽ 4344690 നമ്പർ ഇന്ത്യൻ പാസ്‌പോർട്ട് സമ്പാദിച്ച് അത് യഥാർത്ഥരേഖയായി ഉപയോഗപ്പെടുത്തി പാസ്‌പോർട്ട് അധികാരികളെയും ഇന്ത്യാ ഗവൺമെന്റിനെയും വഞ്ചിച്ചതായാണ് പഴയങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.

ഇതിനായി റേഷൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, സ്‌കൂളിലെ അഡ്മിഷൻ രജിസ്റ്റർ എന്നിവ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇയാളുടെ പാസ്‌പോർട്ടിനായുള്ള അപേക്ഷയിൽ അന്വേഷണം നടത്തിയ ചവറ പൊലീസ് സ്റ്റേഷനിലെ സ്‌പെഷൽ ബ്രാഞ്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന കരുനാഗപ്പള്ളിയിലെ രാധാകൃഷ്ണപിള്ള കേസിലെ രണ്ടാം പ്രതിയാണ്. അപേക്ഷയിലെ വിവരങ്ങൾ വ്യാജമാണെന്നറിഞ്ഞിട്ടും പ്രവൃത്തി നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും പ്രതിക്ക് കൂട്ടുനിന്നതാണ് രണ്ടാം പ്രതിക്കെതിരെയുണ്ടായിരുന്ന പരാതി.കോടതിയിൽ ഹാജരാകാത്തതിന് വാറന്റ് പുറപ്പെടുവിച്ച കോടതി ഇയാളെ പ്രതിയാക്കി പുതിയ കേസെടുക്കാനും ഉത്തരവിട്ടു.പഴയങ്ങാടി എസ്‌.ഐ ജി.അനൂപ് രജിസ്റ്റർ ചെയ്ത കേസിൽ പൊലീസിനു വേണ്ടി എ.പി.പി ഡി. നാസർ കോടതിയിൽ ഹാജരായി.