വില്ലേജ് അസിസ്റ്റന്റിന് കൈക്കൂലി: പണം പിരിച്ചു നൽകുന്ന ഏജന്റും അറസ്റ്റിൽ

Saturday 07 January 2023 2:36 AM IST

പാവറട്ടി: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വെങ്കിടങ്ങ് വില്ലേജ് അസിസ്റ്റന്റിന് കൈക്കൂലി പണം പിരിച്ച് നൽകിയിരുന്ന ഏജന്റ് അറസ്റ്റിലായി. വെങ്കിടങ്ങിൽ ഓൺലൈൻ സെന്ററും ആധാരമെഴുത്ത് ഓഫീസും നടത്തുന്ന മേച്ചേരിപ്പടി വലിയകത്ത് ഹാരിസിനെയാണ് തൃശൂർ വിജിലൻസ് അറസ്റ്റ് ചെയ്തത്.

മേച്ചേരിപ്പടി വേളി വീട്ടിൽ സുനീഷിന്റെ കയ്യിൽ നിന്നും ഭൂമിയുടെ ആർ.ഒ.ആർ സർട്ടിഫിക്കറ്റ്, സ്‌കെച്ച് എന്നിവ അനുവദിച്ച് കൊടുക്കുന്നതിന് 2 ദിവസം മുൻപ് 1000 രൂപ കൈക്കൂലി വാങ്ങിയതിന് വെങ്കിടങ്ങ് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് അജികുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് പരാതിക്കാരനായ സുനീഷിൽ നിന്നും 2 ആഴ്ച മുൻപ് അജികുമാർ 3000 രൂപ ആവശ്യപ്പെടുകയും അതിൽ നിന്ന് ആധാരമെഴുത്തുകാരനായ ഹാരിസ് മുഖേനെ പണം സ്വീകരിച്ചതായും കണ്ടെത്തിയത്. ഹാരിസ് ഗൂഗിൾ പേ മുഖേന അജികുമാറിന് നിരവധി തവണ പണം അയച്ചിട്ടുള്ളതായി കണ്ടെത്തി. ഡിവൈ.എസ്.പി: ജിം പോളിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് ഇൻസ്‌പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ: ബാബു, എ.എസ്.ഐ: ഡേവിഡ്, സി.പി.ഒമാരായ വിബീഷ്, സൈജു സോമൻ, ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.