മെഡി. ആശുപത്രി പേവാർഡ് കെട്ടിടം... അംഗീകാരം തേടി അന്തിമ രൂപരേഖ

Saturday 07 January 2023 12:38 AM IST

അഞ്ചു നിലകളിൽ 65 മുറികൾ

ആലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിൽ 4.38 കോടി ചെലവിട്ട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അഞ്ചുനില പേവാർഡ് കെട്ടിടത്തിന്റെ അന്തിമ രൂപരേഖ പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ചു. അംഗീകാരം ലഭിച്ചാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കും.

മോർച്ചറി കെട്ടിടത്തിന് പടിഞ്ഞാറുഭാഗത്ത് 30 കോടി ചെലവഴിച്ച് കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി നിർമ്മിക്കുന്ന പുതിയ ബ്ളോക്കിന് മുന്നിൽ ഇതേ നീളത്തിലാണ് പേവാർഡിന് സ്ഥലം കണ്ടെത്തിയത്. മൊത്തം അഞ്ച് നിലയാണെങ്കിലും ആദ്യഘട്ടത്തിൽ മൂന്ന് നിലയാണ് നിർമ്മിക്കുന്നത്. ഓരോ നിലയിലും 13 വീതം 65 മുറികളുണ്ടാവും. വി.ഐ.പികൾ ഉൾപ്പെടെയുള്ളവർ അടിയന്തരഘട്ടത്തിൽ എത്തിയാൽ സിക്ക് റൂം പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിൽ. 2021ഫെബ്രുവരിയിൽ ജി.സുധാകരനാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. സ്ഥലം അനുവദിച്ചു നൽകുന്നതിലുണ്ടായ കാലതാമസം മൂലം മണ്ണ് പരിശോധന വൈകി. ഇതിന് പുറമേ ഹൗസിംഗ് ബോർഡിന്റെ നേതൃത്വത്തിൽ മറ്റൊരു പേവാർഡ് ബ്ളോക്ക് നിർമ്മിക്കാനുള്ള നടപടിയും ആരംഭിച്ചു. രണ്ട് നിലകളിലായി നിർമ്മിക്കുന്ന ഈ കെട്ടിടത്തിന്റെയും രൂപരേഖ അന്തിമ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.

പണംകൊടുത്ത് ഉപയോഗിക്കാവുന്ന മുറികളില്ലാത്ത ഏക സർക്കാർ മെഡി. ആശുപത്രിയാണ് ആലപ്പുഴയിലേത്. എല്ലാ രോഗികളും ജനറൽ വാർഡിലാണ് കഴിയുന്നത്.

# പേ വാർഡ് 'കൈയേറി'

2009ൽ ആലപ്പുഴ നഗരത്തിൽ നിന്ന് ആശുപത്രിയുടെ പ്രവർത്തനം പൂർണമായും വണ്ടാനത്തേക്ക് മാറ്റിയപ്പോൾ, പേ വാർഡിനായി മുമ്പ് തയ്യാറാക്കിയ മുറികൾ അസ്ഥി, നേത്രരോഗ വിഭാഗങ്ങൾക്കു വേണ്ടി മാറ്റി. ജെ വൺ, ജെ ടു, ജെ ത്രീ ബ്ളോക്കുകളിലെ മൂന്നും നാലും നിലകളിലാണ് പേവാർഡ് ഒരുക്കാൻ തീരുമാനിച്ചിരുന്നത്. അന്ന് മൂന്ന് ഐ.പി ബ്ളോക്കുകളിൽ ഒന്നുമാത്രമേ പൂർത്തീകരിച്ചിരുന്നുള്ളു. പിന്നീട് രണ്ട് ഐ.പി ബ്ളോക്കുകൾ പൂർത്തീകരിച്ചെങ്കിലും പേവാർഡിന്റെ മുറികൾ ഒഴിഞ്ഞുകിട്ടിയില്ല. ജെ ടു, ജെ ത്രീ ബ്ളോക്കുകളിൽ നിർമ്മിച്ച മുറികളിൽ പേവാർഡ് ആരംഭിച്ചിരുന്നെങ്കിൽ റൗണ്ട്സിന് എത്തുന്ന ഡോക്ടർമാർക്ക് കെട്ടിടത്തിന് പുറത്തിറങ്ങാതെ തന്നെ പേവാർഡിലെ രോഗികളെയും പരിശോധിക്കാൻ കഴിയുമായിരുന്നു.

# പുതിയ പേവാർഡ്

* അനുവദിച്ച തുക: 4.38 കോടി

* നിലകൾ: 5

* ആദ്യഘട്ടം നിർമ്മിക്കുന്നത്: 3 നില

* ആകെ മുറികളുടെ എണ്ണം: 65

* ആദ്യഘട്ടം നിർമ്മിക്കുന്ന മുറികൾ: 13

കെട്ടിടത്തിന്റെ അന്തിമ രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചാലുടൻ ടെണ്ടറിലൂടെ കരാർ ഉറപ്പിച്ച് പൈലിംഗ് ജോലികൾ നാലുമാസത്തിനുള്ളിൽ ആരംഭിക്കും

ഗോകുൽ കൃഷ്ണൻ, അസി. എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്