മേൽശാന്തിയുടെ മൊബൈൽ അടിച്ചുമാറ്റി, ക്ഷേത്രം ജീവനക്കാരൻ റിമാൻഡിൽ
Saturday 07 January 2023 12:49 AM IST
അമ്പലപ്പുഴ: നീർക്കുന്നം ഘണ്ടാകർണസ്വാമി ക്ഷേത്രം മേൽശാന്തിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ താത്കാലിക ജീവനക്കാരൻ പിടിയിലായി. തൃശൂർ ചാലക്കുടി മാടപ്പറമ്പിൽ മഠത്തിൽ വീട്ടിൽ വാസുദേവനെയാണ് (47) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫോൺ നഷ്ടപ്പെട്ടതായി മേൽശാന്തി അറിയിച്ചതിനെത്തുടർന്ന് ക്ഷേത്രം ഭാരവാഹികൾ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് വാസുദേവൻ ഫോൺ മോഷ്ടിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ ജോലി അന്വേഷിച്ചാണ് ക്ഷേത്രത്തിൽ എത്തിയത്. താമസിക്കാൻ വീടോ ബന്ധുക്കളോ ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ തന്നെയാണ് ഇയാൾക്ക് ക്ഷേത്രത്തിൽ താമസിക്കാൻ അവസരം നൽകിയത്. വാസുദേവൻ മുൻപും മോഷണക്കേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.