ടൈറ്റാനിയം തട്ടിപ്പ്: ഡി.ജി.എം ശശികുമാരൻ തമ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Saturday 07 January 2023 2:52 AM IST

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കമ്പനിയുടെ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ കവടിയാർ സ്വദേശി ശശികുമാരൻ തമ്പിയുടെ മുൻകൂർ ജാമ്യഹർജി ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി തള്ളി. ജോലി തട്ടിപ്പിന് രജിസ്റ്റർ ചെയ്‌ത എല്ലാ കേസുകളിലും ഉദ്യോഗാർത്ഥികളെ ശശികുമാരൻ തമ്പിയുടെ അടുത്തെത്തിച്ച ശേഷമാണ് പണം തട്ടിയെടുത്തത്. ഇന്റർവ്യൂവിന് എന്ന പേരിലെത്തിച്ച് വിശ്വാസ്യതയുണ്ടാക്കുകയായിരുന്നു ലക്ഷ്യം.

ജോലി തട്ടിപ്പിന്റെ വ്യാപ്‌തിയും നിരവധി പരാതികൾ ഇപ്പോഴും പൊലീസിന് ലഭിക്കുന്നതും കണക്കിലെടുത്തും പ്രതിയെ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് ഹർജി തള്ളിയത്. വൻ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് അന്വേഷണത്തിൽ ബോദ്ധ്യമായിട്ടുണ്ട്. പ്രതിയുടെ ബാങ്ക് രേഖകളടക്കം കണ്ടെടുക്കേണ്ടതുണ്ട്. ജാമ്യം നൽകിയാൽ പ്രതി തെളിവ് നശിപ്പിക്കാനിടയുണ്ടെന്നും പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ കോടതിയെ അറിയിച്ചു. പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ശശികുമാരൻ തമ്പി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

പാറശാല സ്വദേശിയായ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപികയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയ കേസിൽ നാലാം പ്രതിയാണ് തമ്പി. അദ്ധ്യാപികയുടെ സഹപ്രവർത്തകനായിരുന്ന പാറശാല പെരുംകുളം പുനലാൽ സൈമൺ റോഡിൽ ഷംനാദാണ് അദ്ധ്യാപികയുടെ മകന് ടൈറ്റാനിയം കമ്പനിയിൽ മെക്കാനിക്കായി ജോലി വാങ്ങി നൽകാമെന്നു പറഞ്ഞ് 12 ലക്ഷം രൂപ തട്ടിയെടുത്തത്. മറ്റ് പ്രതികളായ പ്രേംകുമാർ, ശ്യാംലാൽ എന്നിവരോടൊപ്പം അദ്ധ്യാപികയുടെ മകനെ കമ്പനിയിൽ കൊണ്ടുവന്ന് ശശികുമാരൻ തമ്പിയെ കാണിച്ച് വിശ്വാസ്യതയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.