അഞ്ജലി സിംഗിന്റെ മരണം: കാർ ഓടിച്ചത് ദീപക്കല്ല, രണ്ട് പേർ കൂടി പിടിയിൽ

Saturday 07 January 2023 12:06 AM IST

ന്യൂഡൽഹി: ഡൽഹിയിൽ അഞ്ജലി സിംഗിനെ ഇടിച്ചു കൊന്ന കാർ ഓടിച്ചിരുന്നതെന്ന് കരുതിയിരുന്ന ദീപക് ഖന്ന അപകട സമയത്ത് വീട്ടിലായിരുന്നുവെന്ന് പൊലീസ്. കാർ ഓടിച്ചിരുന്നത് അമിത് ഖന്നയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി സ്‌പെഷ്യൽ പൊലീസ് കമ്മിഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞു. ഇന്നലെ അങ്കുഷ്, അശുതോഷ് എന്നിവർ കൂടി പിടിയിലായിരുന്നു.

കാറിലുള്ള ആർക്കും ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് ലൈസൻസുള്ള ദീപക് ഖന്ന കുറ്റം ഏറ്റെടുത്തത്. കേസിൽ ഉൾപ്പെട്ട നാല് പേരുടെയും ദീപക്കിന്റെയും ഫോൺ ലൊക്കേഷനുകൾ വ്യത്യസ്തമായിരുന്നു. ലൊക്കേഷനും കാൾ ലിസ്റ്റും പരിശോധിച്ചപ്പോൾ അപകടം നടന്ന ദിവസം മുഴുവൻ ദീപക് വീട്ടിലായിരുന്നതായി മനസിലായി. ഇത് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു. അപകടം നടന്ന ശേഷം അമിത് സഹോദരൻ അങ്കുഷിനോട് വിവരം പറഞ്ഞിരുന്നു. അങ്കുഷാണ് ബന്ധുവായ ദീപക്കിനെ ബന്ധപ്പെടാനും കുറ്റമേൽക്കാൻ പറയാനും നിർദ്ദേശിച്ചത്. ലോകേഷ് എന്നയാളാണ് കാറിന്റെ യഥാർത്ഥ ഉടമ. എന്നാൽ കാർ തന്റെ ഭാര്യാ സഹോദരനായ അശുതോഷിന്റെ കയ്യിലായിരുന്നുവെന്നാണ് ലോകേഷിന്റെ മൊഴി. ദീപക്കിനും അമിതിനും കാർ നൽകിയെന്ന് അശുതോഷ് പൊലീസിനോട് പറഞ്ഞു.

ടയറിലെ രക്തം കഴുകി വൃത്തിയാക്കിയത് അശുതോഷ്

ഉത്തം നഗറിൽ ബാങ്കിൽ ജോലി ചെയ്യുന്ന അമിത് ഖന്ന (25), കൊണോട്ട് പ്ലേസിലെ സ്പാനിഷ് കൾച്ചറൽ സെന്ററിൽ ജോലി ചെയ്യുന്ന കൃഷൻ (27), സലൂൺ ജീവനക്കാരനായ മിഥുൻ (26), സുൽത്താൻ പുരിയിലെ ബി.ജെ.പി പ്രവർത്തകൻ മനോജ് മിത്തൽ (27) എന്നിവരാണ് പുതുവത്സരം ആഘോഷിക്കാൻ ഒന്നിച്ചിറങ്ങിയത്. ഇവർ മനോജ് മിത്തലിന്റെയടുത്തെത്തി മദ്യപിക്കുകയും ചെയ്തു. അവിടെ നിന്ന് മടങ്ങുന്നതിനിടെ പുലർച്ചെ 1.40നും രണ്ടിനുമിടയിലാണ് അപകടം സംഭവിച്ചത്. അഞ്ജലിയുടെ ജൂപിറ്റർ സ്കൂട്ടറിൽ ഇവർ സഞ്ചരിച്ച ബലേനോ കാർ ഇടിക്കുകയായിരുന്നു. മൃതദേഹം കാറിൽ കുടുങ്ങിയത് മനസിലാക്കാതെ രക്ഷപ്പെട്ട സംഘം പൊലീസിനെ വെട്ടിച്ച് പല ഇടവഴികളിലൂടെയും നീങ്ങി. ഒടുവിൽ നാല് മണിയോടെ കഞ്ജൻവാലയിൽ എത്തിയപ്പോഴാണ് കാറിനടിയിൽ നിന്നും മൃതദേഹം തെറിച്ചു പോയത്. കാറിനെ പിന്തുടർന്ന് എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് 4.10 ന് അഞ്ജലിയുടെ മൃതദേഹം ലഭിച്ചു. പുലർച്ചെ 4.40 ന് പ്രതികൾ സുൽത്താൻ പുരിയിലെ അശുതോഷിന്റെ വീട്ടിലെത്തി. കാറിന്റെ ടയറിലും മറ്റുമുള്ള രക്തം കഴുകി വൃത്തിയാക്കിയത് അശുതോഷാണെന്ന് പൊലീസ് പറഞ്ഞു. അശുതോഷിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഏഴാമത്തെ പ്രതി അങ്കുഷ് ഇന്നലെ പൊലീസിന് മുന്നിൽ കീഴടങ്ങി.