സൗഹൃദം പുതുക്കി സത്യനാദെല്ലയും രാജീവ് ചന്ദ്രശേഖറും

Saturday 07 January 2023 12:13 AM IST

ന്യൂഡൽഹി: മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ പൂർവ വിദ്യാർത്ഥികളും പിന്നീട് ലോകശ്രദ്ധ നേടുകയും ചെയ്‌ത രണ്ടുപേരുടെ കൂടിച്ചേരലിന് ഡൽഹി വേദിയായി. ഒരാൾ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല, മറ്റെയാൾ ബി.പി.എൽ മൊബൈൽ കമ്പനി സ്ഥാപകനും പൊതുപ്രവർത്തകനുമായ കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.

മുംബയിൽ മൈക്രോസോഫ്റ്റ് ഫ്യൂച്ചർ റെഡി ലീഡർഷിപ്പ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതാണ് സത്യ നാദെല്ല.

നാലു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതുകഴിഞ്ഞാണ് പഴയ സഹപാഠിയെ കാണാനെത്തിയത്. പഴയ ഓർമ്മകൾ പങ്കുവച്ച ശേഷം ചർച്ചകൾ ഇന്ത്യയിലെ നിക്ഷേപത്തെക്കുറിച്ചായി. പ്രത്യേകിച്ചും സെർച്ച്, ഗെയിമിംഗ്, കംപ്യൂട്ട്, ക്ലൗഡ് മേഖലകളിലെ സാദ്ധ്യതകളെക്കുറിച്ച്. രാജ്യത്തെ ഇന്നൊവേഷൻ, സ്റ്റാർട്ടപ്പ് മേഖലയിൽ നിക്ഷേപം നടത്താൻ രാജീവ് ചന്ദ്രശേഖർ നാദെല്ലയെ ക്ഷണിച്ചു.