മദ്ധ്യപ്രദേശിൽ പരിശീലന വിമാനം തകർന്ന് പൈലറ്റിന് ദാരുണാന്ത്യം
Saturday 07 January 2023 12:26 AM IST
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രേവ ജില്ലയിൽ പരിശീലന വിമാനം ക്ഷേത്രത്തിൽ തകർന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ട്രെയിനി പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ക്യാപ്ടൻ വിശാൽ യാദവാണ് (30) മരിച്ചത്. പരിക്കേറ്റ അൻഷുൽ യാദവ് സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് വ്യാഴാഴ്ച രാത്രി 11.30ന് അപകടമുണ്ടായത്. പരിശീലനത്തിനിടെ ചോർഹട്ട എയർസ്ട്രിപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിന്റെ താഴികക്കുടത്തിൽ ഇടിച്ചാണ് വിമാനം തകർന്നതെന്ന് ചോർഹട്ട പൊലീസ് സ്റ്റേഷൻ ഇൻചാർജ് ജെ.പി. പട്ടേൽ പറഞ്ഞു. രേവ കളക്ടർ മനോജ് പുഷ്പ്, എസ്.പി നൻവ്നീത് ഭാസിൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നുവെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും ജില്ലാ അധികൃതർ അറിയിച്ചു.