കൊച്ചിൻ ദേവസ്വം ബോർഡ്‌: സി.പി.ഐ നോമിനി തൃശൂരിൽ നിന്ന്

Saturday 07 January 2023 1:09 AM IST

തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡ് ഭരണസമിതി സി.പി.ഐ നോമിനി ഇത്തവണയും തൃശൂരിൽ നിന്ന് തന്നെയെന്ന് ഉറപ്പായി. സി.പി.ഐയുടെ ജില്ലയിലെ പല മുതിർന്ന നേതാക്കളെയും പരിഗണിച്ചെങ്കിലും കുന്നംകുളം മേഖലയിൽ നിന്നുള്ള ജില്ലാ കൗൺസിൽ അംഗം കൂടിയായ പ്രേമരാജന്റെ പേരാണ് അവസാനമായി ഉയർന്നത്. ഇന്നലെ ചേർന്ന സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയായതായി അറിയുന്നു. അടുത്ത ദിവസം പ്രഖ്യാപനം ഉണ്ടായേക്കും. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത്, അംഗമായിരുന്ന എം.ജി.നാരായണൻ ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടർന്ന് മറ്റൊരാളെ നിയമിച്ചിരുന്നില്ല. ആ സമിതിയുടെ കാലാവധി കഴിഞ്ഞ മാസം കഴിഞ്ഞു. പുതിയ ഭരണ സമിതിയിൽ സി.പി.എം അംഗങ്ങളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ പ്രസിഡന്റ് ഡോ.എം.കെ.സുദർശന്റെ പേരിനാണ് മുൻതൂക്കം. മറ്റൊരംഗം എറണാകുളം ജില്ലയിൽ നിന്നായേക്കും.