ലൈൻ ട്രാഫിക് ബോധവത്കരണവുമായി മോട്ടോർ വാഹനവകുപ്പ്

Saturday 07 January 2023 1:14 AM IST

തൃശൂർ: വാളയാർ ചേർത്തല സെക്ടറിൽ ലൈൻ ട്രാഫിക് നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം നിർവഹിച്ചു. വാളയാർ മുതൽ ചേർത്തല വരെയുള്ള നാഷണൽ ഹൈവേയിൽ ലൈൻ ട്രാഫിക് നടപ്പിലാക്കാനുള്ള കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ അറിയിച്ചു. ലൈൻ ട്രാഫിക് നിർദ്ദേശങ്ങളടങ്ങിയ ലഘു ലേഖകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും കമ്മിഷണർ നിർവഹിച്ചു.


സംസ്ഥാനത്തുടനീളമുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി വിവിധ ഭാഗങ്ങളിൽ ജോ. ആർ.ടി.ഒ , എം.വി.ഐ, എ.എം.വി.ഐമാരടക്കമുള്ള മുഴുവൻ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. അഞ്ച് ഭാഷകളിലായി ഡ്രൈവർമാർക്കായി തയ്യാറാക്കിയ ലൈൻ ട്രാഫിക് നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖ ഡ്രൈവർമാർക്ക് വിതരണം ചെയ്തു. ഭാരവാഹനങ്ങളും വേഗം കുറഞ്ഞ മോട്ടോർസൈക്കിൾ, ഓട്ടോ, ചെറിയ ഗുഡ്‌സ് വാഹനങ്ങൾ മുതലായവ റോഡിന്റെ ഇടതു വശം ചേർന്ന് പോകേണ്ടതിന്റെ പ്രാധാന്യം ഡ്രൈവർമാരെ ബോദ്ധ്യപ്പെടുത്തി.

എല്ലാ ഡ്രൈവർമാരും ട്രാഫിക് നിയമം പാലിക്കുന്നതിൽ ശ്രദ്ധിക്കണമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ.കെ സുരേഷ് കുമാർ നിർദ്ദേശം നൽകി. തുടർ പരിശോധനയിൽ തൃശൂർ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിൽ 168 വാഹനങ്ങൾക്കെതിരെ വിവിധ നിയമലംഘനങ്ങൾക്ക് നടപടി സ്വീകരിച്ചു. ലൈൻ ട്രാഫിക് ലംഘിച്ച 70 വാഹനങ്ങൾക്ക് നിർദ്ദേശം നൽകി.

Advertisement
Advertisement