കിഴക്കൻ യുക്രെയിനിൽ ഷെല്ലാക്രമണം റഷ്യയുടെ വെടിനിറുത്തൽ ആഹ്വാനം തള്ളി യുക്രെയിൻ
Saturday 07 January 2023 6:39 AM IST
കീവ് : ഓർത്തഡോക്സ് ക്രിസ്മസ് പ്രമാണിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രെയിൻ അതിർത്തിയിൽ വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും യുക്രെയിനിന്റെ കിഴക്കൻ മേഖലകളിൽ ഇന്നലെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയുടെ വെടിനിറുത്തൽ പ്രഖ്യാപനം യുക്രെയിൻ അംഗീകരിച്ചിരുന്നില്ല.
ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ ഇന്ന് അർദ്ധരാത്രി 12 മണി വരെയാണ് വെടിനിറുത്തൽ. എന്നാൽ ഡൊണെസ്കിലെ ബാഖ്‌മതിൽ ഇന്നലെ വ്യാപക ഷെല്ലിംഗ് റിപ്പോർട്ട് ചെയ്തു. ക്രാമറ്റോർസ്ക് നഗരത്തിലും ഷെല്ലാക്രമണമുണ്ടായി. റഷ്യൻ റോക്കറ്റുകൾ ഇരുനഗരങ്ങളിലും പതിച്ചെന്നും ആളപായമില്ലെന്നും യുക്രെയിൻ പറഞ്ഞു.
എന്നാൽ യുക്രെയിനാണ് ആക്രമണം നടത്തുന്നതെന്ന് റഷ്യ ആരോപിച്ചു. സെപൊറേഷ്യയിലും ലുഹാൻസ്കിലും തങ്ങളുടെ ക്യാമ്പുകൾക്ക് നേരെ യുക്രെയിൻ ഷെല്ലാക്രമണം നടത്തിയെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.