പരാജയം തുടർന്ന് മക്കാർത്തി  14 വിമതർ നിലപാട് മാറ്റി, നേരിയ ആശ്വാസം

Saturday 07 January 2023 7:13 AM IST

വാഷിംഗ്ടൺ: യു.എസ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാ‌ർട്ടിയുടെ സ്പീക്കർ നോമിനി കെവിൻ മക്കാർത്തി പരാജയം തുടരുന്നു. ഇന്നലെ 12ാം റൗണ്ട് തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും മക്കാർത്തിക്ക് ഭൂരിപക്ഷമായ 218 വോട്ട് നേടാനായില്ല.

എന്നാൽ റിപ്പബ്ലിക്കൻ സഭാംഗങ്ങളിൽ മക്കാർത്തിക്ക് എതിരെ നിന്ന 20 കൺസർവേറ്റീവ് വിമതരിൽ 14 പേർ 12ാം റൗണ്ടിൽ നിലപാട് മയപ്പെടുത്തിയത് മക്കാർത്തിക്ക് നേരിയ ആശ്വാസമായി. 12ാം റൗണ്ടിൽ 213 വോട്ടുകൾ മക്കാർത്തിക്ക് ലഭിച്ചു. വരും റൗണ്ടുകളിൽ ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിലാണ് മക്കാർത്തി.

ചൊവ്വാഴ്ച മുതൽ സഭയിൽ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് തുടരുകയാണ്. നൂറ് വർഷത്തിനിടെ ആദ്യമായാണ് സഭയിൽ സ്പീക്കറെ തിരഞ്ഞെടുക്കാൻ ഒന്നിലേറെ റൗണ്ട് വോട്ടിംഗ് വേണ്ടി വരുന്നത്. സ്പീക്കർ തിരഞ്ഞെടുപ്പ് നീളുന്നത് പുതിയ ജനപ്രതിനിധി സഭാംഗങ്ങളുടെ സത്യപ്രതിജ്ഞയും കമ്മിറ്റികളുടെ രൂപീകരണവും ഉൾപ്പെടെ സുപ്രധാന നടപടികൾ തടസപ്പെടുത്തിയിരിക്കുകയാണ്.

നവംബറിൽ നടന്ന മിഡ് ടേം തിരഞ്ഞെടുപ്പിലൂടെയാണ് ഡെമോക്രാറ്റുകളെ പരാജയപ്പെടുത്തി 222 സീറ്റോടെ റിപ്പബ്ലിക്കൻമാർ സഭ പിടിച്ചെടുത്തത്. ജനുവരി 3 മുതലാണ് പുതിയ ജനപ്രതിനിധിസഭ പ്രാബല്യത്തിൽ വന്നത്.