ഭാഗ്യം വരാൻ 12.5 ടൺ മത്സ്യം തടാകത്തിൽ തള്ളി, യുവതിക്ക് 10,84,800 രൂപ പിഴ

Saturday 07 January 2023 7:20 AM IST

ബീജിംഗ് : ഭാഗ്യം വരുമെന്ന വിശ്വാസത്തിൽ 12.5 ടൺ ക്യാറ്റ് ഫിഷുകളെ തടാകത്തിലേക്ക് തള്ളിയ ചൈനീസ് യുവതിക്കെതിരെ പൊതുതാത്പര്യ ഹർജി പ്രകാരം കേസെടുത്തു. ജിയാംഗ്സൂ പ്രവിശ്യയിലാണ് സംഭവം. ഷൂ എന്ന് പേരുള്ള യുവതി 90,400 യുവാൻ ( 10,84,800 രൂപ ) മുടക്കിയാണ് വിദേശ ഇനം ക്യാറ്റ് ഫിഷുകളെ വാങ്ങിയത്. ഭാഗ്യം വരുമെന്ന ബുദ്ധമത വിശ്വാസം അടിസ്ഥാനമാക്കി ഈ മത്സ്യങ്ങളെ യുവതി ചാംഗ്‌ഷൂ നഗരത്തിലെ ഒരു പ്രധാന തടാകത്തിലേക്ക് സ്വതന്ത്രമാക്കി. എന്നാൽ തടാകത്തിന്റെ പരിസ്ഥിതിയോട് ഇണങ്ങിച്ചേരാനാകാതെ വന്ന ക്യാറ്റ് ഫിഷുകളെല്ലാം ഉടൻ തന്നെ കൂട്ടത്തോടെ ചത്തുപൊങ്ങി. യുവതിയുടെ പ്രവർത്തിക്കെതിരെ പ്രാദേശിക ഭരണകൂടം രംഗത്തെത്തി. പത്ത് ദിവസം കൊണ്ടാണ് പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയ ശുചീകരണ തൊഴിലാളികൾ ഈ മത്സ്യങ്ങളെ തടാകത്തിൽ നിന്ന് നീക്കം ചെയ്തത്. ക്ലാരിയാസ് ജീനസിൽപ്പെട്ട ക്യാറ്റ് ഫിഷുകളായിരുന്നു അവ. പെട്ടെന്ന് വളരുന്നവയാണ് ഇവ. ശരിക്കും 2021 ഡിസംബറിലായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ സെപ്തംബറിലാണ് യുവതിക്കെതിരെ കേസെടുത്തത്. ക്യാറ്റ് ഫിഷുകളെ താരതമ്യേന കുറഞ്ഞ വിലയ്ക്ക് യുവതിക്ക് വിറ്റയാൾക്കെതിരെയും കേസെടുത്തു. ഇരുവരും 90,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഇവർക്ക് പിഴ വിധിച്ചെങ്കിലും തുക എത്രയെന്ന് വ്യക്തമല്ല. അതേ സമയം, എല്ലാവർക്കും നല്ലത് വരണമെന്ന് മാത്രം ആഗ്രഹിച്ചാണ് താൻ അങ്ങനെ ചെയ്തതെന്നും താൻ നിരപരാധിയാണെന്നും യുവതി പറയുന്നു.

Advertisement
Advertisement