വിസ്മയമായി കണ്ണാടിപ്പായ

Sunday 08 January 2023 12:11 AM IST

കോട്ടയം . ചതുരക്കണ്ണാടികൾ കൂടിച്ചേരുന്ന ഡിസൈനും,​ കണ്ണാടി പോലെ തിളങ്ങുന്നതും മിനുസമുള്ളതുമായ കണ്ണാടിപ്പായ ഈറ്റ, മുള പ്രദർശനമേളയിലെ പ്രധാന ആകർഷണമാകുന്നു. ഇതിൽ പതിക്കുന്ന പ്രകാശം പ്രതിബിംബം പോലെ പടർന്നു പ്രതിഫലിക്കും. കോട്ടയം വൈ എം സി എ ഹാളിൽ നടക്കുന്ന ഹാൻഡിക്രാഫ്റ്റ് 2023 പ്രദർശനമേളയിലാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്. ആറന്മുള കണ്ണാടി എന്നതുപോലെയാണ് കണ്ണാടിപ്പായയും ഉപയോഗിക്കുന്നത്. നിസ്‌ക്കാരം, മറ്റ് വിശേഷ ചടങ്ങുകൾ എന്നിവയ്ക്കായും ഉപയോഗിക്കുന്നു. ഐശ്യര്യത്തിന്റെ ഭാഗമായി വീടുകളുടെ ചുവരുകളിലും സ്ഥാപിക്കും. ഒരു കൈവണ്ണത്തിലുള്ള ഈറ്റക്കുഴലിൽ ചുരുട്ടി സൂക്ഷിക്കാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്. കേരളത്തിലെ ആദിവാസി ഗോത്രജനവിഭാഗങ്ങളായ ഊരാളി, മന്നൻ, മുതുവ, കാടർ എന്നിവരാണ് പായ നെയ്യുന്നത്. കണ്ണാടിപ്പായ പൈതൃകസ്വത്തായി മാറ്റുന്നതിന്റെ ഭാഗമായി ഭൗമസൂചിക പദവി ലഭിക്കുന്നതിനായി പീച്ചി ഗവേഷണ സ്ഥാപനത്തിൽ നടപടിക്രമങ്ങൾ നടക്കുകയാണ്.

വില 500-40000.

500 രൂപ മുതൽ 35000, 40000 രൂപ വരെയാണ് കണ്ണാടിപ്പായയുടെ വില. ന്യൂനൽ ഈറ്റയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു കരിമ്പുളി (ഈറ്റ)യുടെ ആദ്യത്തെ അളി മാത്രമേ പായ നെയ്യുന്നതിനായി ഉപയോഗിക്കൂ. ട്രീറ്റ് ചെയ്യാതെ ഇവ പാകമായ രീതിയിൽ ചീകിയെടുത്തശേഷം നെയ്‌തെടുക്കും. 15 ദിവസമാണ് നിർമ്മാണ കാലാവധി. മിച്ചം വരുന്ന ഈറ്റയുടെ അളി ഉപയോഗിച്ച് ബാഗ്, പഴ്‌സ്, ഫ്ലവർവൈസുകൾ തുടങ്ങിയവയും നിർമ്മിക്കും. ഒന്നരവർഷമായ ഈറ്റയും പഴുത്ത ഈറ്റയുമാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് ഇടുക്കി ഉപ്പുകുന്ന് സ്വദേശിയായ അംബുജം ഭാസ്‌ക്കർ പറഞ്ഞു.