ഇനിയെങ്കിലും തൂക്കി വിറ്റൂടെ.

Sunday 08 January 2023 12:18 AM IST

കോട്ടയം . ജില്ലാ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ തുരുമ്പെടുത്ത് നശിക്കുന്ന സർക്കാർ വാഹനങ്ങൾ നീക്കാൻ നടപടിയില്ല. ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ പഴയ മോഡൽ അംബാസിഡർ, ജീപ്പുകൾ ഉൾപ്പെടെയാണ് അധികൃതരുടെ അനാസ്ഥ കാരണം ഉപയോഗശൂന്യമായി കിടക്കുന്നത്. എൻജിന് കേടുപാട് സംഭവിച്ചെന്നും, വാഹനം ഓടുമ്പോൾ അമിത അളവിൽ പുക തുടങ്ങിയ തൊടുന്യായം പറഞ്ഞാണ് വർഷങ്ങൾക്ക് മുമ്പ് വാഹനങ്ങൾ ഷെഡ്ഡിൽ കയറ്റിയത്. പിന്നീട് ആരും തിരിഞ്ഞു നോക്കാതായതോടെ പൊടിയും തുരുമ്പും പിടിച്ച് വാഹനം നശിച്ചു. പഴയ കാർ നന്നാക്കിയെടുത്താൽ ചെലവ് കൂടുതലാണെന്നും സർക്കാരിന് നഷ്ടമാണെന്നുമാണ് അധികൃതരുടെ വാദം. ജില്ലയിലെ സർക്കാർ ഓഫീസുകൾ മാലിന്യം തുടച്ചുമാറ്റി പരിസ്ഥിതി സൗഹൃദമാക്കണമെന്ന് ഓരോ പരിപാടിയിലും കൊട്ടിഘോഷിക്കുന്ന കളക്ടറുടെ കൺമുൻപിലാണ് വാഹനങ്ങൾ ഉപേക്ഷിച്ച നിലയിലുള്ളത്. വാഹനങ്ങൾ ലേലം ചെയ്യാൻ മുൻപ് എൻജിനിയറിംഗ് വിഭാഗം തീരുമാനിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല.

ചിങ്ങവനം, ചങ്ങനാശേരി മാർക്കറ്റ് റോഡ്, കോടിമത ബോട്ട് ജെട്ടി റോഡ് എന്നിവിടങ്ങളിലും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് സമീപവും വിവിധ കാരണങ്ങളാൽ പിടിച്ചെടുത്ത വലുതും ചെറുതുമായ വാഹനങ്ങൾ തുരുമ്പെടുത്തും കാട് മൂടിയും നശിക്കുകയാണ്.