തൊളിക്കോട് പഞ്ചായത്തിൽ ഗോത്രസാരഥി പദ്ധതി
വിതുര: ഏഴ് മാസത്തിന് ശേഷം പട്ടികവർഗ മേഖലയിലെ വിദ്യാർത്ഥികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തുന്ന ഗോത്രസാരഥി പദ്ധതിക്ക് തൊളിക്കോട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി.വാഹനമില്ലാത്തതിനാൽ പഞ്ചായത്തിലെ ആദിവാസി വിദ്യാർത്ഥികൾക്ക് നിശ്ചിതസമയത്ത് സ്‌കൂളിലെത്താൻ കഴിയുന്നില്ലെന്നും സ്‌കൂളിലേക്കുള്ള വഴിമദ്ധ്യേ കാട്ടുമൃഗങ്ങൾ ആക്രമിക്കുന്നത് പതിവാണെന്നും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതിനെ തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എയും തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷും പ്രശ്നത്തിൽ അടിയന്തരമായി ബന്ധപ്പെടുകയായിരുന്നു. ഉടൻ വാഹനങ്ങൾ അനുവദിക്കാൻ നടപടിയും സ്വീകരിച്ചു.പനയ്‌ക്കോട് ഗവൺമെന്റ് ഹൈസ്‌കൂളിലാണ് ഗോത്രസാരഥി പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്.ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷാകേരള എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന 'സ്റ്റാർസ്' പദ്ധതിയുടെ ഭാഗമായി പ്രീപ്രൈമറി വിഭാഗത്തിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനവും ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.
തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിത,പ്രഥമാദ്ധ്യാപിക അനിതകുമാരി എന്നിവരും പി.ടി.എ പ്രതിനിധികളും പഞ്ചായത്തംഗങ്ങളും പങ്കെടുത്തു. തൊളിക്കോട് പഞ്ചായത്തിലെ കാരക്കൻതോട്,അരുവിയോട്,മലയടി,മേത്തോട്ടം,ചെരുപ്പാണി,കണിയാരംകോട്,വെള്ളയ്ക്കരിക്കകം തുടങ്ങിയ ആദിവാസി ഊരുകളിൽ നിന്ന് പട്ടികവർഗ വിഭാഗത്തിലെ 98കുട്ടികളാണ് പനയ്‌ക്കോട് സ്‌കൂളിൽ പഠിക്കുന്നത്.ഇതിൽ 72പേരെയാണ് ഗോത്രസാരഥി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരെ ഊരുകളിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചുമെത്തിക്കാൻ രണ്ട് വാഹനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
സ്റ്റാർസ് പദ്ധതി
വിവിധ മേഖലകളിൽ കുട്ടികളുടെ വികാസം ഉറപ്പാക്കുന്ന സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി 10ലക്ഷം രൂപ ചെലവഴിച്ചാണ് പനയ്‌ക്കോട് വി.കെ.കാണി സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ ക്ലാസ് മുറികൾ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നത്.പഠനത്തിന് പുറമേ കുട്ടികളുടെ ശാരീരിക വികാസം,ഭാഷാ വികസനം,സാമൂഹ്യവും വൈകാരികവുമായ വികാസം,സർഗാത്മകത വികാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രവൃത്തികളാണ് സ്‌കൂളിൽ നടപ്പിലാക്കുന്നത്.ശാസ്ത്രം,സംഗീതം,ചിത്രകല,നിർമ്മാണം,അഭിനയം, ഗണിതം,വായന തുടങ്ങി 13പ്രവർത്തനവിഭാഗങ്ങളാണ് കുട്ടികൾക്കായി ഒരുക്കുന്നത്.ഹൈടെക് ക്ലാസ് മുറികൾ,പാർക്ക്,ഇൻഡോർ ഔട്ട്‌ഡോർ പ്ലേ ഏരിയ എന്നിങ്ങനെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിവിധ സൗകര്യങ്ങളും സജ്ജീകരിക്കും.
പ്രശ്നങ്ങൾക്ക് പരിഹാരമായി
പ്രീ പ്രൈമറി വിഭാഗത്തിൽ നാല് ഡിവിഷനുകളിലായി 120 വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്. ഗോത്രസാരഥി പദ്ധതിയും സ്റ്റാർസ് പദ്ധതിയുടെ നടപ്പിലായതോടെ വിദ്യാർത്ഥികളുടെ അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരമായി.തൊളിക്കോട് പഞ്ചായത്തിൽ ഗോത്രസാരഥി പദ്ധതി നടപ്പിലാക്കാൻ നടപടിയെടുത്ത എം.എൽ.എക്കും പഞ്ചായത്ത് പ്രസിഡന്റിനും ആദിവാസികാണിക്കാർ സംയുക്തസംഘം സംസ്ഥാന പ്രസിഡന്റ് മേത്തോട്ടം പി.ഭാർഗവനും സംസ്ഥാനജനറൽ സെക്രട്ടറി പൊൻപാറ കെ.രഘുവും നന്ദി രേഖപ്പെടുത്തി.