ട്രാവൽ വ്ളോഗുമായി മമ്മൂട്ടി

Sunday 08 January 2023 6:00 AM IST

മമ്മൂട്ടിയുടെ ട്രാവൽ വ്ളോഗ് ഏറ്റെടുത്ത് ആരാധകർ.യാത്രാ പ്രേമിയായ മമ്മൂട്ടി ട്രാവൽ വ്ലോഗ് തുടങ്ങി എന്ന വാർത്തയാണ് രണ്ടുദിവസമായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ആറുവർഷം മുൻപ് ജപ്പാനിലെ ഹിരോഷിമയിൽ നിന്ന് മമ്മൂട്ടി പകർത്തിയ വീഡിയോയാണിത്. പത്തേമാരി സിനിമ റിലീസിന് എത്തുന്ന സമയത്ത് ജപ്പാൻ യാത്രയിലായിരുന്നു മമ്മൂട്ടി. ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ചരിത്രവും അതിനുശേഷമുള്ള ജപ്പാന്റെ അതിജീവനവും ഹൃദയസ്പർശിയായ രീതിയിൽ മമ്മൂട്ടി വീഡിയോയിൽ അവതരിപ്പിക്കുന്നു.

യാത്രകളെയും ഡ്രൈവിംഗിനെയും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. അടുത്തിടെ ഒാസ്ട്രേലിയൻ പാതകളിലൂടെ കാറോടിക്കുന്ന മമ്മൂട്ടിയുടെ ഒരു വീഡിയോ ശ്രദ്ധ നേടിയിരുന്നു. സിഡ്നിയിൽ നിന്ന് കാൻബറിയിലേക്കും അവിടെനിന്നു മെൽബണിലേക്കും ഏതാണ്ട് 2300 കിലോമീറ്ററാണ് മമ്മൂട്ടി ഡ്രൈവ് ചെയ്തത്. ഭാര്യ സുൽഫിത്ത് യാത്രയിൽ മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്നു.