പ്രതിഷേധത്തിരയേറ്റം: ഹോട്ടലിലേക്ക് മാർച്ചുമായി യുവജന,മഹിളാസംഘടനകൾ
കാസർകോട് : മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവ്വതി കുഴിമന്തി കഴിച്ചതിനെ തുടർന്ന് മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം. വിദ്യാർത്ഥിനിക്ക് കുഴിമന്തി വില്പന നടത്തിയ കാസർകോട് അടുക്കത്ത് ബയലിലെ അൽ റൊമാൻസിയ ഹോട്ടലിലേക്ക് ബി.ജെ.പി പ്രവർത്തകരും എ.ഐ.വൈ.എഫ്,ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകളും പ്രതിഷേധ മാർച്ച് നടത്തി.
മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ വിദ്യാർത്ഥികളും സഹപാഠിയുടെ മരണത്തിൽ പ്രതിഷേധവുമായെത്തി.യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന ഡി.എം.ഒ ഓഫീസ് അടച്ചുപൂട്ടി മുന്നിൽ റീത്ത് വച്ചു. ബി.ജെ.പി , എ.ഐ.വൈ.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബി.ജെ.പി നടത്തിയ മാർച്ചിന് ജില്ലാ സെക്രട്ടറി എം. ഉമ, മണ്ഡലം പ്രസിഡന്റ് പ്രമീള മജൽ, മഹിളാമോർച്ച ജില്ലാ അദ്ധ്യക്ഷ പുഷ്പ ഗോപാലൻ, മണ്ഡലം ജനറൽ സെക്രട്ടറി ഗുരുപ്രസാദ് പ്രഭു, യുവമോർച്ച സംസ്ഥാന വനിതാ കൺവീനർ അഞ്ജു ജോസ്റ്റി, മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കീർത്തൻ ജെ, ജില്ലാ കമ്മിറ്റിയംഗം ഉമേഷ് കടപ്പുറം, മണ്ഡലം സെക്രട്ടറി ശ്രീധർ കുഡ്ലു, ഗണേഷ് അടുക്കത്ത് ബയൽ തുടങ്ങിയവർ നേതൃത്വം നൽകി. അതിനിടെ പ്രതിഷേധക്കാരിൽ ഒരു വിഭാഗം ഹോട്ടലിന്റെ ചില്ലുകളെറിഞ്ഞു തകർത്തു. ഇതെ തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.