ആറാമത് ദേശീയ സിദ്ധ ദിനാചരണം നാളെ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും

Sunday 08 January 2023 3:07 AM IST

തിരുവനന്തപുരം: ദേശീയ ആയുഷ് മിഷൻ കേരളം,​ ഭാരതീയ ചികിത്സാ വകുപ്പ്,​ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്,​ പൂജപ്പുര സിദ്ധ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട്,​ സിദ്ധ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ദേശീയ സിദ്ധ ദിനാചരണം നാളെ മുതൽ 13വരെ നടക്കും. വൈകിട്ട് 3ന് കവടിയാർ വിമെൻസ് ക്ലബിൽ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും.

വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാകും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യാതിഥിയാകും. പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെ ചടങ്ങിൽ ആദരിക്കും. ഇന്ന് രാവിലെ 10ന് 'ആരോഗ്യകരമായ ജീവിതത്തിന് സിദ്ധ ഭക്ഷണ രീതികളും പോഷകാഹാരവും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. വൈകിട്ട് 5ന് ആഹാരമാണ് ഔഷധം എന്ന വിഷയത്തിൽ പാനൽ ചർച്ചയും തുടർന്ന് നേമം അഗസ്ത്യം കളരി അവതരിപ്പിക്കുന്ന കളരിപ്പയറ്റും നടക്കും. 13ന് വൈകിട്ട് 3ന് സമാപനസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.

ഭക്ഷ്യമേളയും

ദിനാചാരണത്തിന്റെ ഭാഗമായി സിദ്ധവൈദ്യത്തെ സംബന്ധിച്ച പ്രദർശനമേളയും തനത് ഭക്ഷ്യമേളയും സംഘടിപ്പിച്ചിട്ടുണ്ട്. സൗജന്യ നാഡീരോഗനിർണയം, നാഡീശാസ്ത്രത്തെ സംബന്ധിച്ച പ്രദർശനം, മർമ്മ ചികിത്സ, ലൈവ് തെറാപ്പി എന്നിവ ആകർഷണമാണ്. ശാന്തിഗിരി കമ്മ്യൂണിറ്റി കിച്ചണിന്റെയും ദേശീയ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഭക്ഷ്യമേള. ദിനാചരണത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകളും വിദഗ്ദ്ധരുടെ ക്ലാസുകളും വർക്ക്‌ഷോപ്പുകളും നടക്കും. പ്രദർശന മേളയിലും ഭക്ഷ്യമേളയിലും പ്രവേശനം സൗജന്യമാണ്.

Advertisement
Advertisement