അമ്പൂരി രാഖി കൊലക്കേസ്:രാഖിയുടെ ബാഗ് കണ്ടെന്ന് സാക്ഷി

Sunday 08 January 2023 1:51 AM IST

തിരുവനന്തപുരം ; അമ്പൂരിയിൽ കൊല്ലപ്പെട്ട പൂവാർ പുത്തൻകട ജ്യോതിഭവനിൽ രാഖിയുടെ ഷോൾഡർ ബാഗ് ഗുരുവായൂർ മണ്ണാർക്കാട് റൂട്ടിൽ ഓടുന്ന കവിത ബസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടിരുന്നതായി സാക്ഷി. കേസിലെ പ്രതികളായ രാഹുലും ആദർശും ബസിൽ ഉപേക്ഷിച്ച ബാഗ് പിന്നീട് പൊലീസ് കണ്ടെടുത്തെന്നും സാക്ഷി കോടതിയിൽ മൊഴി നൽകി.ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവിനോടാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി പ്രദീപ് മൊഴി നൽകിയത്.2019 ജൂൺ 22 നാണ് ബസിൽ ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടെത്തിയതെന്ന് ബസിലെ കണ്ടക്ടർ കൂടിയായ സാക്ഷി കോടതിയെ അറിയിച്ചു.പൊലീസ് എത്തിയപ്പോഴാണ് ഇത് അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയുടേതാണെന്ന് മനസിലാക്കിയതെന്നും സാക്ഷി മൊഴി നൽകി.പ്രതികൾ രാഖിയുമായി സഞ്ചരിച്ച കാർ തന്റെ കടയിലെ സി. സി.ടി. വി കാമറയിൽ പതിഞ്ഞിരുന്നതായി ധനുവച്ചപുരത്ത് സാമിൽ നടത്തുന്ന ബെന്നിയും മൊഴി നൽകി. 2019 ജൂൺ 21നാണ് രാഖി കൊല്ലപ്പെട്ടത്.സൈനികനായിരുന്ന അമ്പൂരി തട്ടാനിമുക്ക് ആദർശ് ഭവനിലെ അഖിൽ ആർ. നായർ കൊല്ലപ്പെട്ട രാഖിയുമായി ആറ് വർഷമായി പ്രണയത്തിലായിരുന്നു.പുതിയ വിവാഹാലോചന വന്നപ്പോൾ രാഖിയെ ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായതിനെ തുടർന്നായിരുന്നു കൊലപാതകം.അഖിലിന്റെ സഹോദരൻ രാഹുലും അയൽവാസി കണ്ണൻ എന്ന ആദർശും കൂട്ടുപ്രതികളാണ്.രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൂവരും ചേർന്ന് മൃതദേഹം കുഴിച്ചിട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനായി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, ഗീത, തുഷാര രാജേഷ് എന്നിവർ ഹാജരായി.