കേരളകൗമുദി നേരത്തെ പറഞ്ഞു 'കുഴിമാന്തിക്കും കുഴിമന്തി"

Saturday 07 January 2023 9:40 PM IST

കണ്ണൂർ : കുഴിമന്തി ആരോഗ്യത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാണിച്ച് കേരളകൗമുദി നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ജനുവരി നാലിനാണ് കേരളകൗമുദി ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിനു തൊട്ടു പിന്നാലെയാണ് കാസർകോട്ട് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച് വിദ്യാർത്ഥിനിയുടെ മരണം.

കണ്ണൂർ, കാസർകോട് ജില്ലകളിലെ പല ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബാർബി ക്യൂ, അൽഫാം, കുഴിമന്തി എന്നിവയ്ക്ക് ഉപയോഗിക്കുന്ന കോഴിയിറച്ചി ഭക്ഷ്യയോഗ്യമല്ലെന്ന് വ്യാപക പരാതിയുയർന്നിരുന്നു.പലയിടത്തും കോഴി ഫാമുകളിൽനിന്നു ലഭിക്കുന്ന ചത്ത കോഴിയുടെ ഇറച്ചിയാണ് ഉപയോഗിക്കുന്നതെന്നാണ് വ്യാപക ആരോപണം.

ചത്ത കോഴിക്ക് വില പകുതി നൽകിയാൽ മതി. ബാർബി ക്യൂവിനും ആൽഫാമിനും കുഴിമന്തിക്കും ഇങ്ങനെ ഇറച്ചികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

മസാലയും മറ്റു ചേരുവകളും ചേർക്കുമ്പോൾ ആളുകൾക്ക് രുചി വ്യത്യാസം അനുഭവപ്പെടുന്നില്ല. അതിനാൽ ആരും ഇതിനെ ചോദ്യം ചെയ്യാറുമില്ല.പുറമെ നിന്ന് വാഹനങ്ങളിൽ എത്തിക്കുമ്പോൾ ധാരാളം കോഴികൾ ചത്തുപോകുന്നുണ്ട്.