വ്യാപാരിയുടെ കൊലപാതകം: ബൈക്കും സ്വർണാഭരണവും കണ്ടെടുത്തു
വടകര: മാർക്കറ്റ് റോഡിലെ വ്യാപാരി വലിയപറമ്പത്ത് രാജൻ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ കാണാതായ ബൈക്കും സ്വർണാഭരണങ്ങളും കണ്ടെടുത്തു. കേസിൽ പ്രതിയായ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീക്കുമായി പൊലീസ് തൃശൂരിൽ നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്. ബൈക്ക് തൃപ്രയാറിലെ നൈസ് ലോഡ്ജിന്റെ പാർക്കിംഗ് സ്ഥലത്തുനിന്നും സ്വർണമാല വാടാനപ്പള്ളി അമൃതം ജ്വല്ലറിയിൽ നിന്നുമാണ് ലഭിച്ചത്.
കൊലപാതകം നടന്നതിന്റെ പിറ്റേദിവസം തൃപ്രയാർ എത്തിയ പ്രതി അവിടുത്തെ നൈസ് ലോഡ്ജിൽ മുറിയെടുത്തു. ബൈക്കിന്റെ നമ്പർമാറ്റി അവിടെ താമസിച്ചു. 45000 രൂപയ്ക്ക് വിറ്റ സ്വർണമാല ഉരുക്കി സ്വർണകട്ടിയാക്കി മാറ്റിയിരുന്നു. കൂടാതെ 15,000 രൂപയ്ക്ക് പുതുക്കാട് ജനറൽ ഫിനാൻസിൽ വിറ്റ സ്വർണമോതിവും കണ്ടെത്തി. ലോഡ്ജിൽ നിന്ന് ബൈക്കിന്റെ ഒറിജിനൽ നമ്പർ പ്ലേറ്റും പേഴ്സും, വസ്ത്രങ്ങളും മാലയുടെ ഒരു ഭാഗവും കണ്ടെടുത്തു. രാജന്റെ കൈയിലുണ്ടായിരുന്ന നവരത്ന മോതിരമാണ് ഇനി കണ്ടെത്തേണ്ടത്. ഇത് കോഴിക്കോടുള്ള സുഹൃത്തിന് സമ്മാനിച്ചതായാണ് പ്രതി പറഞ്ഞിരിക്കുന്നത്. വടകര സർക്കിൾ ഇൻസ്പെക്ടർ പി.എം മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പ് നടത്തുന്നത്.