മൃഗസംരക്ഷണ വകുപ്പ് ആംബുലൻസ് സൗകര്യമൊരുക്കും: മന്ത്രി ചിഞ്ചുറാണി

Sunday 08 January 2023 12:41 AM IST

ആലപ്പുഴ : സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും മൃഗസംരക്ഷണ വകുപ്പ് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ആര്യാട് പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ടെലി വെറ്ററിനറി യൂണിറ്റുകൾക്കായി ജില്ലകൾക്ക് പണം അനുവദിച്ചിട്ടുണ്ട്. ക്ഷീരകർഷകർക്ക് നാലു രൂപ ഇൻസെൻന്റീവ് കൊടുക്കുന്നതിനുവേണ്ടി 28 കോടി രൂപ സർക്കാർ മാറ്റിവച്ചു. എല്ലാ മാസവും ജില്ലയിൽ കൃത്യമായി ഇൻസെന്റീവ് ലഭ്യമാക്കുന്നതിനുള്ള നടപടി എടുക്കും. ചർമ്മമുഴക്ക് എതിരെയുള്ള വാക്‌സിൻ നൽകൽ 21 മുതൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.പ്രസാദ് മുഖ്യാതിഥിയായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത് കുമാർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ഭരണസമിതി അംഗം ബി.അൻസാരി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ.വീണ, ക്ഷീര കർഷക അവാർഡ് ജേതാക്കൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. മികച്ച ക്ഷീരകർഷകർക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു.