അമ്പലപ്പുഴ സംഘം എരുമേലിയിലേക്ക്

Sunday 08 January 2023 12:45 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന നഗര പ്രദക്ഷിണം പൂർത്തിയാക്കി അമ്പലപ്പുഴ സംഘം എരുമേലിയിലേക്ക് യാത്രയായി. വ്യാഴാഴ്ച ഇരുമുടിക്കെട്ടു നിറച്ച് വെള്ളിയാഴ്ച നഗരപ്രദക്ഷിണം നടത്തി​യ ശേഷം ക്ഷേത്രത്തിൽ വിശ്രമിച്ച സംഘം ഇന്നലെ രാവിലെ യാത്ര ആരംഭിച്ചു.

തകഴി ക്ഷേത്രത്തിൽ പ്രഭാത ഭക്ഷണത്തിനും ആനപ്രമ്പാൽ ക്ഷേത്രത്തിൽ ഉച്ചഭക്ഷണത്തിനും ശേഷം രാത്രി കവിയൂർ ക്ഷേത്രത്തിൽ എത്തി വിരിവച്ചു. ചക്കുളത്തുകാവ് ദേവീക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളും വിവിധ സംഘടനകളും സംഘത്തെ സ്വീകരിച്ചു. നിറപറയും നിലവിളക്കും ഭക്തർ യാത്രയ്ക്ക് വരവേൽപ്പ് നൽകി. ഇന്നു രാവിലെ സംഘം കവിയൂർ ക്ഷേത്രത്തിൽ നിന്നു മണിമലക്കാവ് ക്ഷേത്രത്തിലേക്ക് യാത്രയാകും. നാളെയാണ് മണിമലക്കാവിൽ ആഴിപൂജ. സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള ആഴി പൂജയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. കരപ്പെരിയാൻമാരായ പി. സദാശിവൻ പിള്ള, ആർ. ഗോപകുമാർ, കെ. ചന്തു, ആർ. മണിയൻ, കെ.ചന്ദ്രകുമാർ, ബി. ഉണ്ണിക്കൃഷ്ണൻ, കെ.വിജയൻ എന്നിവർ സഹകാർമ്മികത്വം വഹിക്കും.