വനിതകൾ വാഴാത്ത ലീഗ്

Sunday 08 January 2023 12:00 AM IST

മുസ്‌ലിം ലീഗിന്റെ ശക്തി ആരാണ് ?​ ഈ ചോദ്യം ഇപ്പോൾ ചോദിച്ചാൽ ലീഗ് നേതൃത്വം പറയും,​ സ്ത്രീകളെന്ന്. ഉത്തരംകേട്ട് ആദ്യമൊന്ന് അമ്പരന്നേക്കാം. എന്നാൽ കണക്കുകളിലെ കളിയിൽ ഈ ഉത്തരം നൂറുശതമാനം ശരിയാണ്. മാസങ്ങൾനീണ്ട മുന്നൊരുക്കങ്ങൾക്ക് ശേഷം നവംബറിൽ സംസ്ഥാനമൊട്ടാകെ വാർഡുതലം കേന്ദ്രീകരിച്ച് നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിന്റെ വിവരങ്ങൾ മുസ്‌ലിം ലീഗ് നേതൃത്വം കഴിഞ്ഞദിവസം പുറത്തുവിട്ടപ്പോൾ അംഗങ്ങളിൽ 51 ശതമാനവും സ്ത്രീകളാണ്. പുരുഷകേസരികൾ 49 ശതമാനത്തിൽ ഒതുങ്ങി. പുതിയ മെമ്പർഷിപ്പ് പ്രകാരം മുസ്‌ലിം ലീഗിന് സംസ്ഥാനത്ത് 24.33 ലക്ഷം അംഗങ്ങളാണ് ഉള്ളത്. ഇതിൽ 51 ശതമാനവും സ്ത്രീകളെന്നത് ചെറിയ കണക്കല്ല. ആകെയുള്ള അംഗങ്ങളിൽ 61 ശതമാനവും 35 വയസിൽ താഴെയുള്ളവരാണെന്നും മുസ്‌ലിം ലീഗ് നേതൃത്വം അവകാശപ്പെടുന്നുണ്ട്.

2016ലെ കാമ്പെയിനിൽ 22 ലക്ഷം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇത്തവണ 2.33 ലക്ഷം അംഗങ്ങളുടെ വർദ്ധനവുണ്ടായി. മെമ്പർഷിപ്പിലെ വനിതകളുടെ പ്രാതിനിധ്യം വർദ്ധിച്ചത് ഇവർക്കിടയിൽ ലീഗിന്റെ സ്വീകാര്യത വർദ്ധിച്ചതിനുള്ള തെളിവായി നേതൃത്വം ഉയർത്തിക്കാട്ടുന്നുണ്ട്.

അടുത്തിടെ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിന് ഏറ്റവും കൂടുതൽ വോട്ടുചെയ്തത് പെൺകുട്ടികളാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെമ്പർഷിപ്പിലെ വനിതാ മുന്നേറ്റത്തിന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി അടിവരയിട്ടത്. പുതുതലമുറയിലെ പെൺകുട്ടികൾക്കിടയിൽ പോലും സ്വീകാര്യമായ രാഷ്ട്രീയമാണ് മുസ്‌‌ലിം ലീഗിന്റേതെന്നും യുവാക്കൾക്കിടയിലെ പിന്തുണയും ഇതിന് തെളിവാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ലീഗിന്റെ സന്ദേശം യുവതലമുറയിലേക്കും വനിതകളിലേക്കും മികച്ച രീതിയിൽ എത്തിയതിന്റെ തെളിവായി ഇതിനെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഉയർത്തുന്നുണ്ട്.

ഇതൊക്കെ

മെമ്പർഷിപ്പിൽ മാത്രം

മെമ്പർഷിപ്പിൽ വനിതകളാണ് മുന്നിലെന്ന് അഭിമാനത്തോടെ പറയുന്ന മുസ്‌ലിം ലീഗ് നേതൃത്വം സംഘടനയ്ക്കുള്ളിൽ വനിതകൾക്ക് മതിയായ പ്രാതിനിധ്യം നൽകുമോ എന്ന ചോദ്യത്തോട് കൃത്യമായി പ്രതികരിക്കുന്നില്ല. വനിതകൾക്ക് പ്രവർത്തിക്കാൻ വനിതാലീഗും ഹരിതയും ഉണ്ടല്ലോ എന്നാണ് മറുപടി. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മഹിളാ സംഘടനകൾ ഉണ്ടെങ്കിലും ഇതിൽ മാത്രം വനിതാ പ്രാതിനിധ്യം ഒതുങ്ങാറില്ല. പാർട്ടികളുടെ പ്രധാന സ്ഥാനങ്ങളിൽ വരെ വനിതകളുടെ സാന്നിദ്ധ്യമുണ്ട്. എന്നാൽ മുസ്‌ലിം ലീഗിൽ പാർട്ടി സ്ഥാനങ്ങളിൽ വനിതകളെ കാണില്ല. മെമ്പർഷിപ്പിൽ വനിതകളാണ് മുന്നിലെന്ന് അഭിമാനത്തോടെ ഉയർത്തുന്നവർ എന്തുകൊണ്ട് പാർട്ടിയിൽ ഭാരവാഹിത്വം നൽകുന്നില്ല. മികച്ച വനിതാ നേതാക്കൾക്ക് വനിതാ ലീഗിലും ഹരിതയിലും ഒരുക്ഷാമവുമില്ല. ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ തങ്ങളുടെ നിലപാട് കരുത്തോടെയും കൃത്യമായും അവതരിപ്പിക്കുന്ന പുതുതലമുറയിലെ പെൺകുട്ടികളെ പൊതുസമൂഹം കണ്ടതാണ്. കഴിഞ്ഞ നിയമസഭാ തിര‌ഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ വനിതാലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.നൂർബിന റഷീദിനെ സ്ഥാനാർത്ഥിയാക്കിയത് തന്നെ ഏറെ സമ്മർദ്ദങ്ങൾക്ക് ശേഷമാണ്. 25 വ‍ർഷത്തിനുശേഷം മത്സരിപ്പിച്ച വനിതാ സ്ഥാനാർത്ഥി സിറ്റിംഗ് സീറ്റിൽ ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലിനോട് പരാജയപ്പെട്ടു. മനഃപ്പൂർവം തോൽപ്പിച്ചതാണെന്നത് പാർട്ടി ശത്രുക്കളുടെ കുപ്രചാരണം ആണെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. പാർട്ടിയുടെ മെമ്പർഷിപ്പിൽ 51 ശതമാനം വനിതകൾ ഇടംപിടിച്ച പുതിയ സാഹചര്യത്തിൽ നിയമസഭയിലും ലോക്‌സഭയിലും ഒരു മാറ്റം പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചാൽ അതുവരെ വാചാലരാവുന്ന നേതൃത്വം പിന്നെ മൗനവ്രതത്തിലാവും. തുടരെയുള്ള ചോദ്യങ്ങളിൽ സഹികെട്ടാൽ പറയുന്ന സ്ഥിരം മറുപടിയുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ മുസ്‌‌ലിം ലീഗിന്റെ ജനപ്രതിനിധികളിൽ 60 ശതമാനവും വനിതകളാണെന്ന്. തദ്ദേശസ്ഥാപനങ്ങളിലെ വനിതാ സംവരണത്തെക്കുറിച്ചൊന്നും ഇതിനിടയിൽ ചോദിക്കരുത്. അതായത് മെമ്പർഷിപ്പിൽ എത്ര മുന്നിലെത്തിയാലും വനിതകൾ തദ്ദേശസ്ഥാപനം വരെ മതിയെന്ന്.

രക്ഷയില്ല

സംഘടനാ

തിരഞ്ഞെടുപ്പിലും

മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയായ സാഹചര്യത്തിൽ മുസ്‌ലിം ലീഗ് സംഘടന തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പുതിയ വാർഡ് കമ്മിറ്റികളുടെ രൂപീകരണം ഡിസംബറിൽ പൂർത്തീകരിച്ചിട്ടുണ്ട്. ജനുവരി 15നകം പഞ്ചായത്ത് കമ്മിറ്റികളും തുടർന്ന് മണ്ഡലം കമ്മിറ്റികളും നിലവിൽവരും. ഫെബ്രുവരിയോടെ ജില്ലാക്കമ്മിറ്റികൾ രൂപവത്കരിക്കും. മാർച്ച് ആദ്യവാരത്തോടെ പുതിയ സംസ്ഥാനക്കമ്മിറ്റി നിലവിൽവരും. മാർച്ച് 10ന് ദേശീയ കമ്മിറ്റിയുടെ പ്രഖ്യാപനവും കൗൺസിലും ചെന്നൈയിൽ നടക്കും. മുസ്‌ലിം ലീഗ് കമ്മിറ്റികൾക്കൊപ്പം വാർഡുതലം മുതൽ വനിതാലീഗ് കമ്മിറ്റികളും രൂപീകരിച്ച് വനിതാ പ്രാതിനിധ്യം അവിടെ ഒതുക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. മുസ്‌ലിംലീഗിന്റെ വോട്ടുബാങ്കായ സംഘടനയുടെ അപ്രീതി ഭയന്നാണ് വനിതകളെ പാർട്ടിയിലെ മുഖ്യസ്ഥാനങ്ങളിലേക്ക് അടുപ്പിക്കാത്തത്. മാറിയ കാലത്തിന്റെ രാഷ്ട്രീയം കൂടി ഉൾകൊണ്ടുള്ള മുസ്‌‌ലിം ലീഗിന്റെ പ്രവർത്തനമാണ് വനിതകൾക്ക് ഇടയിൽ സ്വീകാര്യത വർദ്ധിപ്പിച്ചതെന്ന് അവകാശപ്പെടുമ്പോഴാണ് ഈ ഇരട്ടത്താപ്പ്.

Advertisement
Advertisement