നെല്ലുവില കിട്ടാനായി കാത്തിരിപ്പ് നീളുന്നു
ജില്ലയിൽ വിതരണം ചെയ്യാനുള്ളത് 30.99 കോടി
ആലപ്പുഴ: കുട്ടനാട്,അപ്പർകുട്ടനാട്, കരിനിലങ്ങളിൽ രണ്ടാം കൃഷിയുടെ വിളവെടുപ്പ് അന്തിമഘട്ടത്തിലെത്തിയെങ്കിലും സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിനെത്തുടർന്ന് കർഷകർ പ്രതിസന്ധിയിൽ. സംഭരിച്ച 42597.91മെട്രിക് ടൺ നെല്ലിന്റെ വിലയായി 30.99 കോടി രൂപയാണ് ഇനിയും നൽകാനുള്ളത്. ഇതുവരെ ജില്ലയിൽ നിന്ന് സംഭരിച്ചത് 120.126കോടി രൂപയുടെ നെല്ലാണ്.
കഴിഞ്ഞ 31വരെ പാഡി റെസീപ്റ്റ് ഷീറ്റ് (പി.ആർ.എസ്) ലഭിച്ച 860 കർഷകർക്ക് 89.13 കോടി രൂപ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ സെപ്തംബർ 14 മുതലാണ് വിളവെടുപ്പ് ആരംഭിച്ചത്. സംഭരണം പൂർത്തീകരിച്ച കർഷകർ പി.ആർ.എസും അപേക്ഷയും പാഡി ഓഫീസിൽ എത്തിച്ചാൽ സംഭരിച്ച നെല്ലിന്റെ വില ഏഴ് ദിവസത്തിനുള്ളിൽ അക്കൗണ്ടിലെത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒന്നര മാസം കഴിഞ്ഞിട്ടും പണം ലഭിച്ചിട്ടില്ല. മതിയായ ഫണ്ട് ഇല്ലാത്തതാണ് പ്രശ്നം. കേന്ദ്ര-സംസ്ഥാന ഫണ്ട് കൃത്യമായി കൈമാറിയിട്ടില്ല. പലിശയ്ക്കും ബാങ്ക് ലോണെടുത്തും കൃഷിയിറക്കിയ കർഷകരാണ് നെല്ലുവില കിട്ടാത്തതിനെ തുടർന്ന് വലയുന്നത്. കിലോഗ്രാമിന് 28.20 രൂപയ്ക്കാണ് ഇപ്പോൾ നെല്ല് സംഭരിക്കുന്നത്.
കിഴിവിൽ ഒഴുകുന്ന വില
രണ്ടാം കൃഷി ഇറക്കിയ 9,447ഹെക്ടറിൽ 8,670 ഹെക്ടറിലെ വിളവെടുപ്പ് പൂർത്തിയായി. പതിരിന്റെയും ഈർപ്പത്തിന്റെയും പേരിൽ കൂടുതൽ കിഴിവു നൽകണമെന്ന മില്ലുകാരുടെ കടുംപിടുത്തമാണ് സംഭരണം വൈകിച്ചത്. നൂറു കിലോ നെല്ല് സംഭരിക്കുമ്പോൾ 25 കിലോ വരെ കിഴിവ് നൽകണമെന്നാണ് മില്ലുകാരുടെ ആവശ്യം. 10 കിലോഗ്രാം കിഴിവ് നൽകാമെന്നതായിരുന്നു കർഷകരുടെ നിലപാട്. ഇടവിട്ട് പെയ്യുന്ന മഴയിൽ നെല്ല് കിളിർക്കുമെന്നതിനാൽ മില്ലുടമകളുടെ സമ്മർദ്ദത്തിന് വഴങ്ങി കൂടുതൽ കിഴിവ് നൽകാൻ കർഷകർ നിർബന്ധിതരായി.
"നെല്ല് സംഭരണത്തിൽ തങ്ങളുടെ വിഹിതം നൽകാതെ സംസ്ഥാന സർക്കാർ നെൽ കർഷകരെ ചതിക്കുകയാണ്. നെല്ലിന്റെ പണം അക്കൗണ്ടിലേക്ക് സപ്ലൈകോ നേരിട്ട് നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും
- ബേബിപാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ-നാളികേര കർഷക ഫെഡറേഷൻ
സംഭരിച്ച നെല്ലിന്റെ വില കഴിഞ്ഞ 31ന് മുമ്പ് നൽകുമെന്നുള്ള വാക്ക് പാലിക്കാൻ മന്ത്രി തയ്യാറാകണം. നെല്ലുവില കാലതാമസം കൂടാതെ വിതരണം ചെയ്യണം.
- സി.കെ.ബാലു, കർഷകൻ
രണ്ടാംകൃഷി (ഹെക്ടറിൽ)
വിളവിറക്കിയത്: 9,447
വിളവെടുപ്പ് പൂർത്തീകരിച്ചത്: 8,670
ആകെ സംഭരിച്ചത് : 42597.91മെട്രിക് ടൺ
നെല്ല് വില (രൂപയിൽ)
ആകെ നൽകേണ്ടത് : 120.12 കോടി
ഇതുവരെ വിതരണം ചെയ്തത്: 89.13 കോടി
ഇനി നൽകാനുള്ളത് : 30.99 കോടി