മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാർക്ക് കൂട്ട സ്ഥലംമാറ്റം; പറപ്പി​ച്ചത് ആറു പേരെ, പകരം വന്നത് രണ്ടു പേർ

Sunday 08 January 2023 12:18 AM IST

അമ്പലപ്പുഴ: പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചതുൾപ്പെടെ വിവാദങ്ങളുടെയും പരാതികളുടെയും ചുഴിയിലായ ആലപ്പുഴ മെഡി. ആശുപത്രിയിലെ പ്രമുഖ ഡോക്ടർമാർ ഉൾപ്പെടെ ആറുപേരെ സ്ഥലംമാറ്റി മുഖം മിനുക്കാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമം ആശുപത്രിയുടെ നിലവിലെ അവസ്ഥ കൂടുതൽ പരിതാപകരമാക്കാൻ സാദ്ധ്യത. മാറ്റിയവർക്കു പകരം രണ്ടു ഡോക്ടർമാരെയാണ് നിയമിച്ചത്. മറ്റു ജില്ലകളിലെ ഡോക്ടർമാർ ആലപ്പുഴ മെഡി. ആശുപത്രിയിൽ ജോലി ചെയ്യാൻ സന്നദ്ധരല്ലെന്നത് ഒഴിവു നികത്തുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

പ്രസവ വിവാദത്തിൽപ്പെട്ട ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ.തങ്കു തോമസ് കോശിയെ ഇടുക്കി മെഡിക്കൽ കോളേജിലേക്കും പൾമനറി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.പി.വേണുഗോപാലിനെ കോട്ടയം മെഡിക്കൽ കോളേജിലേക്കും ഇ.എൻ.ടി പ്രൊഫസർ ഡോ. ഹെർമൻ ഗിൽഡ് എം.ജോണിനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും ജനറൽ സർജറി അസോസിയേറ്റ് പ്രൊഫസർമാരായ ഡോ.ആർ.വി.രാംലാൽ, ഡോ.വൈ.ഷാജഹാൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ഓർത്തോ വിഭാഗം പ്രൊഫസർ ഡോ.മുഹമ്മദ് അഷറഫിനെ കണ്ണൂർ മെഡിക്കൽ കോളേജിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പകരം ആലപ്പുഴയിലേക്ക് കോഴിക്കോട്ടുനിന്ന് ജനറൽ സർജറി വിഭാഗം പ്രൊഫസർ ഡോ.എസ്.പ്രീതിയേയും മഞ്ചേരി മെഡിക്കൽ കോളേജിലെ ഇ.എൻ.ടി വിഭാഗം പ്രൊഫസർ ഡോ.ശാന്തിയേയും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് മിന്നൽ പരിശോധന നടത്തിയപ്പോൾ നിരവധി ഗുരുതര പരാതികൾ ലഭിച്ചിരുന്നു. ഇതോടെയാണ് നടപടികളിലേക്കു നീങ്ങിയത്.

45.07 ലക്ഷം കിട്ടിയിട്ടും ആക്രാന്തം!

സ്വകാര്യ പ്രാക്ടീസ് നടത്താതിരിക്കാൻ മെഡി. ആശുപത്രികളിലെ 250ഓളം ഡോക്ടർമാർക്കായി പ്രതിമാസം 45.07 ലക്ഷം രൂപ സർക്കാർ നൽകുന്നുണ്ട്. സാധാരണ രോഗികൾക്ക് കൂടുതൽ സമയം മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാണ് ഈ പ്രത്യേക അലവൻസ്. എന്നാൽ അലവൻസും വാങ്ങി ഭൂരിഭാഗം ഡോക്ടർമാരും വീടുകളിൽ പരിശോധന നടത്തുന്നുണ്ട്. സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കിയ ഡോക്ടർമാർക്ക് ബേസിക് പേയുടെ 20 ശതമാനമാണ് നോൺ പ്രാക്ടീസ് അലവൻസായി നൽകുന്നതെന്ന് വിവരാവകാശ നിയമപ്രകാരം ആരോഗ്യ വകുപ്പ് നൽകിയ മറുപടിയിൽ പറയുന്നു. മെഡി. ആശുപത്രിയിൽ ഒട്ടുമിക്ക ഡോക്ടർമാരും ഉച്ചയ്ക്ക് 12ന് ശേഷം കാണാറില്ല. ചില ഡോക്ടർമാർ വീടുകളിൽ അർദ്ധരാത്രി വരെ പരിശോധന നടത്തുന്നുണ്ട്.

അന്വേഷണ റിപ്പോർട്ട് ഫ്രീസറിൽ

ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നില്ല. ഈ സംഭവത്തിൽ അന്വേഷണം നേരിടുന്ന ഡോ. തങ്കു തോമസിനെ സ്ഥലംമാറ്റുന്നത് പരാതിക്കാരുടെ കണ്ണിൽ പൊടിയിടാനാണെന്ന് ആരോപണമുണ്ട്. നെഫ്രോളജി വിഭാഗത്തിൽ ഡയാലിസിസ് ചെയ്യേണ്ടവർക്ക് കത്തീറ്റർ കിറ്റ് ലഭിക്കാതായിട്ട് മൂന്നു മാസമായി. പതിനായിരത്തോളം രൂപ ഇതിനായി പുറത്ത് ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് രോഗികൾ പറയുന്നു.