ഭക്ഷ്യസുരക്ഷ ; അവകാശവും ഉത്തരവാദിത്വവും

Sunday 08 January 2023 12:00 AM IST

സുരക്ഷിതഭക്ഷണം പൊതുജനാരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്നത് സാക്ഷരകേരളത്തിന് പറഞ്ഞുകൊടുക്കേണ്ട കാര്യമല്ല. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട സമീപകാല വാർത്തകൾ ചൂണ്ടിക്കാണിക്കുന്നത് കൊണ്ടറിഞ്ഞാലും പഠിക്കാത്തവരാണ് മലയാളികളെന്നാണ്. വീട്ടിൽ ലഭിക്കുന്നത് തന്നെയാണ് നല്ല ഭക്ഷണം എന്നത് നിസ്തർക്കമാണ്. അനിവാര്യമായ യാത്രകളും തിരക്കേറിയ ജീവിതവും വർദ്ധിച്ചുവരുന്ന ഉപഭോഗ സംസ്‌കാരവും നമ്മെ പലപ്പോഴും ഭക്ഷണം പുറത്തുനിന്ന് കഴിക്കാൻ നിർബന്ധിതമാക്കുന്നു. മുൻകാലങ്ങളിൽ യാത്രയ്ക്കൊരുങ്ങുമ്പോൾ ഭക്ഷണപ്പൊതികൾ കരുതുമായിരുന്ന പലരും ഇപ്പോൾ യാത്രചെയ്യുന്നത് തന്നെ ഭക്ഷണം കഴിക്കാനാണെന്നത് യാഥാർത്ഥ്യം. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലുള്ള കച്ചവടസ്ഥാപനങ്ങൾ ഈറ്ററികൾ എന്ന ഓമനപ്പേരുള്ള ഭക്ഷണശാലകളാണ്.

ഭക്ഷണം സുരക്ഷിതമാകുന്നത് കാണുമ്പോഴുള്ള വൃത്തിയിലും വെടിപ്പിലും മാത്രമല്ല . ബയോളജിക് സേഫ്‌ടി (ജൈവപരമായ സുരക്ഷ), കെമിക്കൽ സേഫ്‌ടി (രാസപരമായ സുരക്ഷ), മെറ്റബോളിക് സേഫ്‌ടി (ഉപാപചയ സംബന്ധിയായ സുരക്ഷ) എന്നിങ്ങനെ മൂന്ന് പ്രധാന തലങ്ങളിലും സുരക്ഷിതമാകുമ്പോഴാണ് നാം കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാകുന്നത്.

നാട്ടിൽ പലപ്പോഴും ചർച്ചാവിഷയമാകുന്നത് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തിന്റെ കുറവുകൾ മാത്രമാണ്. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം , ഭക്ഷണം പാചകം ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവരുടെ ആരോഗ്യവും വൃത്തിയും, പാചകം ചെയ്യാനും ഭക്ഷണം സൂക്ഷിക്കാനും വിളമ്പാനും ഉപയോഗിക്കുന്ന പാത്രങ്ങളുടെ വൃത്തി,​ ഗുണനിലവാരം തുടങ്ങിയവ പരമപ്രധാനമാണ് . ഭക്ഷ്യവിഷബാധയുടെ ദാരുണ വാർത്തകൾ പുറത്തുവരുമ്പോഴാണ് ഭക്ഷ്യസുരക്ഷ മാദ്ധ്യമങ്ങളിലൂടെ ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയാകർഷിക്കുന്നത് . ഭരണകൂടത്തെയും ഫുഡ് സേഫ്‌ടി വിഭാഗത്തെയും വിമർശിക്കുന്ന നാം ചില യാഥാർത്ഥ്യങ്ങൾ മനസിലാക്കേണ്ടതുണ്ട് . ഫുഡ് സേഫ്‌ടി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയും സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗവും ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധവുമാണ്. എന്നാൽ നാട്ടിൽ കൂണുപോലെ പൊട്ടിമുളയ്ക്കുന്ന ഭക്ഷണശാലകൾ വിളമ്പുന്ന ഭക്ഷണം കൃത്യമായി പരിശോധിക്കാനുള്ള സൗകര്യം നമുക്കില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്.

നല്ല ഭക്ഷണം താങ്ങാവുന്ന വിലയിൽ സാർവത്രികവും സുലഭവുമായി ലഭിക്കുക എന്നത് നമ്മുടെ അവകാശമാണ്. ഭക്ഷണശാലകൾക്ക് നിശ്ചിത ഫീസ് വാങ്ങി ലൈസൻസ് നൽകുന്ന ഭരണകൂടത്തിന് ഭക്ഷ്യസുരക്ഷ ഒരുക്കുന്നതിലും ഉത്തരവാദിത്വമുണ്ടെന്ന് മറക്കരുത്. കിട്ടുന്നത് കിട്ടുന്നിടത്ത് കഴിക്കാൻ വിധിക്കപ്പെട്ടവരായിരിക്കുന്നു നാം. സമീകൃതാഹാരം ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണെന്ന് നമുക്കറിയാം. ഓരോ നേരവും നാം കഴിക്കുന്ന ഭക്ഷണത്തിൽ പ്ലേറ്റിൽ പകുതി പഴങ്ങളും പച്ചക്കറികളും ആയിരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിഷ്‌കർഷിക്കുന്നു . പ്ലേറ്റിന്റെ മറുപകുതിയുടെ 60 ശതമാനം ധാന്യങ്ങളും 40ശതമാനം മാംസ്യാഹാരങ്ങളും (പ്രോട്ടീൻ )ആയിരിക്കണം. ജീവിതശൈലീ രോഗങ്ങൾ തടയാനും ജീവിതാന്ത്യം വരെ ഉണർവോടെയും ഉന്മേഷത്തോടെയും കഴിയാനും ഇത് അനിവാര്യമാണ്.

സമീകൃതാഹാരം രുചികരമായി തയ്യാറാക്കാനും നൽകാനും കഴിയും . എന്നാൽ മനുഷ്യനെയും അവന്റെ വിശപ്പിനെയും കച്ചവടക്കണ്ണോടെ ആര് സമീപിച്ചാലും സുരക്ഷിതവും സമീകൃതവുമായ ആഹാരം കിട്ടാക്കനിയാവും!

വീട്ടിലെ ഭക്ഷണമാണ് നല്ലതെന്ന് പഠിപ്പിക്കുന്ന നാം വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർക്ക് സ്വന്തം വീട്ടിൽനിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാനുള്ള സൗകര്യം കൂടി ഒരുക്കാൻ ബാദ്ധ്യസ്ഥമാണ്. ഇനി പുറത്തുനിന്നും കഴിക്കേണ്ടി വരുന്നവർക്ക് സുരക്ഷിതവും സമീകൃതവുമായ ആഹാരം മിതമായ വിലയ്ക്ക് ലഭ്യമാക്കാൻ ഈ രംഗത്ത് പ്രവർത്തിക്കുന്നവരും അത് നിഷ്‌കർഷിക്കാൻ ഭരണകൂടവും നടപടി സ്വീകരിക്കണം . ഭക്ഷണത്തിന്റെ വില നിലവാരപ്പട്ടിക പ്രദർശിപ്പിക്കുന്നതുപോലെ സമീകൃതാഹാരം ഉറപ്പാക്കുന്ന കുറച്ചുവിഭവങ്ങളുടെ ലഭ്യതാ പട്ടികകൂടി ഭക്ഷണശാലകൾ ബാദ്ധ്യതയായി പ്രദർശിപ്പിക്കുന്ന സംവിധാനം നമുക്ക് വേണം.

ഹോട്ടൽ ഭക്ഷണം കഴിക്കേണ്ടിവരുമ്പോൾ നാം ജാഗ്രത പുലർത്തുകതന്നെ വേണം. വൃത്തിയുള്ള ഭക്ഷണശാലയിൽനിന്ന് മാത്രം ആഹാരം കഴിക്കുക. കഴിയുന്നതും പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക . നോൺ വെജിറ്റേറിയൻ വിഭവങ്ങളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം. പാഴ്സൽ വാങ്ങിക്കൊണ്ടു പോകുമ്പോൾ കഴിയുന്നതും ഒന്നോ രണ്ടോ മണിക്കൂറുകൾക്കുള്ളിൽ ഭക്ഷണം കഴിച്ചെന്ന് ഉറപ്പുവരുത്തണം. സുരക്ഷിതഭക്ഷണം എന്നത് നമ്മുടെ അവകാശമാണ്. എന്നാൽ കഴിക്കുന്ന ഭക്ഷണം ഗുണനിലവാരമുള്ളതെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്തമാണ്. അപ്പോൾത്തന്നെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ് .ഈ കൂട്ടുത്തരവാദിത്വത്തിൽ ഭക്ഷണം പാചകം ചെയ്യുന്നവരും ഭക്ഷണശാല നടത്തിപ്പുകാരും ഒക്കെ ഉൾപ്പെടും.

(ലേഖകൻ റീജിയണൽ കാൻസർ സെന്ററിലെ പാലിയേറ്റീവ് കെയർ വിദഗ്ദ്ധനും ഐ.എം.എ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ഐ.എം.എ. ഭക്ഷ്യസുരക്ഷാ സമിതിയുടെ മുൻ ദേശീയ കൺവീനറുമാണ് )

Advertisement
Advertisement