ജോഡോ യാത്രയിൽ താരമായി 'ലൂണ"

Sunday 08 January 2023 12:31 AM IST

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന വിശിഷ്‌ടാതിഥിയായിരുന്നു ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലെ താരം. രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ വളർത്തുനായ ലൂണയാണ് യാത്രയിലുണ്ടായിരുന്നത്. ഗോൾഡൻ റിട്രിവർ ഇനത്തിൽപ്പെട്ട ലൂണ എന്ന പെൺ നായയുടെ കഴുത്തിലിട്ട ബെൽറ്റ് കൈയിൽ പിടിച്ചാണ് രാഹുൽ നടന്നത്. ആൾക്കൂട്ടത്തിൽ പതറാതെ ആവേശത്തോടെ രാഹുലിനും നേതാക്കൾക്കുമൊപ്പം ലൂണയും നടന്നു.

ബോക്‌സിംഗ് താരം വിജേന്ദർ സിംഗും ഇന്നലെ യാത്രയ്‌ക്കൊപ്പം ചേർന്നു. കൊടും തണുപ്പിൽ ടി ഷർട്ട് മാത്രം ധരിക്കുന്നതിനെക്കുറിച്ചുള്ള വിജേന്ദറിന്റെ ചോദ്യത്തിന് ഋഷിമാരും മുനിമാരും തപസു ചെയ്‌തത് എങ്ങനെയാണെന്നായിരുന്നു രാഹുലിന്റെ മറുചോദ്യം.
ജോഡോ യാത്ര ഇന്നലെ രാവിലെ ഹരിയാനയിലെ പാനിപ്പറ്റിൽ നിന്ന് കർണാൽ ജില്ലയിൽ പ്രവേശിച്ചു. രാത്രിയിൽ ഇന്ദ്രിയിൽ വിശ്രമിക്കുന്ന യാത്ര ഇന്ന് കുരുക്ഷേത്ര ജില്ലയിലെത്തും. ഉത്തർപ്രദേശിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് യാത്ര ഹരിയാനയിൽ പ്രവേശിച്ചത്.