ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന് ഡിജിറ്റൽ ഇന്ത്യ അവാർഡ്
ന്യൂഡൽഹി: യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുക, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ കെ-ഡിസ്ക് ആരംഭിച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി.ഡബ്ല്യു.എം.എസ്) കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പ്ലാറ്റിനം ഐക്കൺ അവാർഡിന് അർഹമായി. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ (ഡി.യു.കെ) സെന്റർ ഫോർ ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് പ്രോഡക്ട് ഡെവലപ്പ്മെന്റ് ഡയറക്ടർ ആർ. അജിത് കുമാർ, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, കേരള നോളജ് ഇക്കോണമി മിഷൻ മാനേജർ പി.എം. റിയാസ് എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
ഫ്യൂച്ചറിസ്റ്റിക് പ്ലാറ്റ്‌ഫോമായ ഡി.ഡബ്ല്യു.എം.എസ് ഗൂഗിൾ പ്ലേ സ്റ്റോർ വഴി 9.62 ലക്ഷം പേർ ഡൗൺലോഡ് ചെയ്തു. വിജ്ഞാനം വിലയിരുത്തൽ, റോബോട്ടിക് അഭിമുഖം, വ്യക്തിത്വ വികസനം, ഇംഗ്ലീഷ് ഭാഷാ വിലയിരുത്തൽ, ഇ-ലേണിംഗ്, കരിയർ കൗൺസലിംഗ്, കരിയർ ഗൈഡൻസ് എന്നിങ്ങനെ ഒട്ടനവധി സവിശേഷതകൾ ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുന്നു.
മൾട്ടിലെയേർഡ് ആർക്കിടെക്ചറുള്ള പ്ലാറ്റ്‌ഫോമുകളുടെ പ്ലാറ്റ്‌ഫോമാണ് ഡി. ഡബ്ല്യു.എം.എസ് എന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.