അഴിമതി ആരോപണം: പഞ്ചാബ് മന്ത്രി രാജിവച്ചു

Sunday 08 January 2023 12:26 AM IST

ചണ്ഡിഗഢ്: അഴിമതി ആരോപണത്തെ തുടർന്ന് പഞ്ചാബിലെ എ.എ.പി സർക്കാരിൽ നിന്ന് ഒരു മന്ത്രി കൂടി രാജിവച്ചു. മന്ത്രിയും ഫിറോസ്പൂരിലെ ഗുരു ഹർ സഹായി എം.എൽ.എയുമായ ഫൗജ സിംഗ് സരാരിയാണ് ഇന്നലെ മുഖ്യമന്ത്രി ഭഗവന്ത് മാന് രാജി സമർപ്പിച്ചത്. വ്യക്തിപരമായ കാര്യങ്ങളെ തുടർന്നാണ് രാജിയെന്നാണ് വിശദീകരണം.

ഇതിന് പിന്നാലെ മന്ത്രിസഭ വിപുലീകരണത്തിനും സർക്കാർ തീരുമാനിച്ചു. ഇതിനായി ഗവർണറോട് സർക്കാർ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പട്യാല എം.എൽ.എ ഡോ. ബൽബീർ സിംഗോ ജാഗ്രോൺ എം.എൽ.എ സരവ്ജിത് കൗർ മനുകെയോ ഫൗജ സിംഗ് സരാരിയുടെ പിൻഗാമിയാകുമെന്നാണ് സൂചന. അധികാരത്തിലെത്തി ഒമ്പതു മാസത്തിനുള്ളിൽ എ.എ.പി മന്ത്രിസഭയിൽ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് സരാരി. നേരത്തെ അഴിമതി ആരോപണത്തെ തുടർന്ന് ഡോ. വിജയ് സിംഗ്ലയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു.

വിരമിച്ച പൊലീസുകാരനാണ് സരാരി. സെപ്തംബറിൽ ഭക്ഷ്യധാന്യം കടത്തുന്നവരെ കുടുക്കാനുള്ള പദ്ധതിയെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ശബ്ദസന്ദേശം വൈറലായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നായിരുന്നു സരാരിയുടെ വാദം. എ.എ.പി സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി ഭഗവന്ത് മാൻ അദ്ദേഹത്തിന് നോട്ടീസ് നൽകിയെങ്കിലും മറുപടി നൽകിയിരുന്നില്ല.