പിഎഎഫ്എഫിനെ നിരോധിച്ചു

Sunday 08 January 2023 12:30 AM IST

ന്യൂഡൽഹി: ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി അടുപ്പമുള്ള പീപ്പിൾസ് ആൻഡ് ഫാസിസ്റ്റ് ഫ്രണ്ടിനെ (പി.എ.എഫ്.എഫ്) ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. കൂടാതെ ജമ്മു കശ്മീർ സ്വദേശിയും പാകിസ്ഥാൻ കേന്ദ്രീകരിച്ച് ലഷ്‌കർ ഇ തൊയ്ബയ്ക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അർബാസ് അഹമ്മദ് മിറിനെ തീവ്രവാദിയായും പ്രഖ്യാപിച്ചു.

ജമ്മു കശ്മീരിലടക്കം നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെ തുടർന്നാണ് പി.എ.എഫ്.എഫിനെ നിരോധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജമ്മു കശ്മീരിലെത്തി ജോലി ചെയ്യുന്ന സുരക്ഷാ സേനകൾക്കും രാഷ്ട്രീയ നേതാക്കൾക്കും സാധാരണക്കാർക്കും പി.എ.എഫ്.എഫ് ഭീഷണിയാണെന്ന് മന്ത്രാലയം അറിയിച്ചു. സോഷ്യൽ മീഡിയയിലും ഇവർ വിദ്വേഷം പ്രചരിപ്പിച്ചിരുന്നു.

യുവാക്കളെ റിക്രൂട്ട്‌ ചെയ്ത് തോക്ക്, വെടിമരുന്ന്, സ്‌ഫോടകവസ്തു എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നൽകിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏതാനും മാസം മുമ്പ് ജമ്മു കശ്മീരിലെ കുൽഗാമിൽ അദ്ധ്യാപികയായ റെയ്ൻ ബാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അഹമ്മദ് മിർ.