മനസമ്മതത്തിനും വളയം പിടിച്ച് ഡെലീഷ

Sunday 08 January 2023 1:19 AM IST

കാഞ്ഞാണി : ടാങ്കർ ലോറിയുടെ വളയം പിടിച്ച് വാർത്തയിൽ നിറഞ്ഞ ഡെലീഷ മനസമ്മതം കഴിഞ്ഞ് വരനുമായി ഹാളിലേക്കെത്തിയത് ടാങ്കർ ലോറി ഓടിച്ച്. വടക്കേ കാരമുക്ക് പൊറുത്തൂർ പള്ളിക്കുന്നത്ത് ഡേവീസ് ട്രീസാ ദമ്പതികളുടെ മകളായ ഡെലീഷ കാഞ്ഞിരപ്പിള്ളി ആനക്കൽ മേലോത്ത് പരേതരായ മാത്യൂ ഏത്തമ്മ ദമ്പതികളുടെ മകൻ ഹേൻസനുമായാണ് വിവാഹമുറപ്പിച്ചത്. ഇരുവരും വിദേശത്ത് ടാങ്കർ ലോറി ഡ്രൈവർമാരാണ്.

ടാങ്കർ ലോറി ഡ്രൈവറായ പിതാവ് ഡേവിസിനൊപ്പം ഒഴിവ് സമയങ്ങളിൽ കൂടെ സഞ്ചരിച്ചാണ് ഡെലീഷ ഡ്രൈവറാകുന്നത്. പിന്നീട് ഹെവി ലൈസൻസെടുത്തു. ടാങ്കർ ഓടിക്കാൻ പിതാവിനൊപ്പം ചേർന്ന ഡെലീഷ പിന്നീട് ടാങ്കറിൽ കൊച്ചിയിൽ നിന്നും പെട്രോൾ എടുത്ത് മലപ്പുറം പമ്പിലെത്തിക്കുക പതിവായി. ഇതോടെ മാദ്ധ്യമശ്രദ്ധ നേടിയ ഡെലീഷയ്ക്ക് തൊഴിൽ വാഗ്ദാനവുമായി ഗൾഫ് കമ്പനികളെത്തി. ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവറായി തൊഴിൽ ചെയ്ത് വരവേയാണ് ജർമ്മൻ കമ്പനിയിൽ ടാങ്കർ ലോറി ഡ്രൈവറായ ഹേൻസനുമായി വിവാഹമുറപ്പിക്കുന്നത്.

വിവാഹ ബ്യൂറോ വഴിയാണ് ബന്ധം സ്ഥാപിച്ചതെന്ന് ഡേവിസ് പറഞ്ഞു. വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു മനസമ്മത ചടങ്ങ്. ചടങ്ങുകൾ അവസാനിച്ച് വേണ്ടപ്പെട്ടവരുമായുള്ള ഫോട്ടോ ഷൂട്ടിന് ശേഷം ടാങ്കർ ലോറിയിൽ കയറി നവദമ്പതികൾ ഹാളിലേക്കെത്തി. നാസിക്ക് ഡോളുമായി മേളക്കാർ ഇരുവരെയും ഹാളിലേക്ക് ആനയിച്ചു. ഒമ്പതിന് കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് ദേവാലയത്തിൽ വൈകിട്ട് നാലിനാണ് വിവാഹം.