ഓപറേഷൻ ഷവർമ: 45 സ്ഥാപനങ്ങൾക്കെതിരെ നടപടി

Sunday 08 January 2023 1:27 AM IST

തൃശൂർ: ഓപ്പറേഷൻ ഷവർമ്മയുടെ ഭാഗമായി 152 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 45 സ്ഥാപനങ്ങൾക്കെതിരെ നടപടി. തുടർ നടപടികൾക്കായി തൃശൂർ അസിസ്റ്റന്റ് കമ്മിഷണറുടെ മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് നൽകി. 11 സ്ഥാപനങ്ങളിൽ നിന്ന് 65,000 രൂപ പിഴ ഈടാക്കി. 14 സ്ഥാപനങ്ങൾക്ക് പോരായ്മ പരിഹരിക്കാനുള്ള നോട്ടീസ് നൽകി. ഭക്ഷ്യവസ്തുക്കളുടെ 18 സാമ്പിൾ ശേഖരിച്ചു. സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കും. ആറ് സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. ചാവക്കാട് ബ്ലാങ്ങാട് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനകളിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടി. ആറ് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ചാലക്കുടിയിൽ അഞ്ച് ഹോട്ടലുകളിൽ നിന്നും ഇരിങ്ങാലക്കുടയിൽ 12 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ആരോഗ്യ വിഭാഗം രണ്ട് ദിവസം കാമ്പയിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.