ജാപ്പനീസ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

Sunday 08 January 2023 6:43 AM IST

ടോക്കിയോ: ബോംബ് ഭീഷണിയെ തുടർന്ന് ജപ്പാനിൽ ജെറ്റ്‌സ്റ്റാർ എയർലൈനിന്റെ വിമാനത്തിന് അടിയന്തര ലാൻഡിംഗ്. നാരിറ്റയിൽ നിന്ന് ജപ്പാനിലെ തെക്ക് പടിഞ്ഞാറൻ നഗരമായ ഫുകുവോകയിലേക്കുള്ളതായിരുന്നു വിമാനം. വിമാനത്തിന്റെ ടേക്ക് ഓഫിന് പിന്നാലെ, ഇന്നലെ പ്രാദേശിക സമയം രാവിലെ 6.20ഓടെ ടോക്കിയോയിലെ നാരിറ്റ എയർപോർട്ടിലേക്കാണ് ഭീഷണിയെത്തിയത്. താൻ വിമാനത്തിന്റെ കാർഗോയിൽ 100 കിലോ സ്ഫോടക വസ്തുക്കൾ വച്ചിട്ടുണ്ടെന്ന് ഒരു ജർമ്മൻ സ്വദേശി ഫോണിലൂടെ അറിയിക്കുകയായിരുന്നു.

ഇതോടെ വഴിതിരിച്ചുവിട്ട വിമാനം ചുബു മേഖലയിലെ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. തുടർന്ന് 136 യാത്രക്കാരെയും 6 ജീവനക്കാരെയും ഉടൻ ഒഴിപ്പിച്ചു. ഇതിനിടെ അഞ്ച് പേർക്ക് നിസാര പരിക്കേറ്റു.

പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കൾ കണ്ടെത്താനായില്ല. നാല് മണിക്കൂറുകൾക്ക് ശേഷമാണ് വിമാനത്താവളത്തിലെ സർവീസുകൾ പുനരാരംഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement