മ്യാൻമർ ജയിലിൽ കലാപം : ഒരു മരണം

Sunday 08 January 2023 6:44 AM IST

നെയ്‌പിഡോ: മ്യാൻമാറിലെ ജയിലിലുണ്ടായ കലാപത്തിൽ ഒരു തടവുകാരൻ കൊല്ലപ്പെട്ടു. 60ലേറെ പേർക്ക് പരിക്കേറ്റു. പാഥെയ്ൻ നഗരത്തിലെ ജയിലിലാണ് സംഭവം. വ്യാഴാഴ്ച രാത്രി സുരക്ഷാ ജീവനക്കാർ തടവുകാരിൽ ഒരാളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 70ഓളം തടവുകാർ സെല്ലുകൾക്ക് പുറത്തുകടന്ന് ജയിലിൽ വ്യാപക നാശനഷ്ടങ്ങളുണ്ടാക്കി. കമ്പ്, സിമന്റ് കട്ട, കല്ലുകൾ എന്നിവ കൊണ്ട് സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു. സുരക്ഷാസേന നടത്തിയ പ്രതിരോധ ശ്രമങ്ങൾക്കിടെയാണ് ഒരു തടവുകാരൻ കൊല്ലപ്പെട്ടത്. ഇയാൾ രാഷ്ട്രീയ തടവുകാരനാണ്. മറ്റൊരാൾ മരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ജയിലിലെ ഒമ്പത് ജീവനക്കാർക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.