ഇറാനിൽ രണ്ട് പേരെ തൂക്കിലേറ്റി

Sunday 08 January 2023 7:17 AM IST

ടെഹ്‌‌റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ഇറാൻ തൂക്കിലേറ്റി. ഇതോടെ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്ത് വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടവരുടെ എണ്ണം നാലായി. സൈനികനെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് മുഹമ്മദ് മഹ്‌ദി കരാമി, സയീദ് മുഹമ്മദ് ഹൊസൈനി എന്നിവരെ ഇന്നലെ തൂക്കിലേറ്റിയത്. വധശിക്ഷകളിൽ അപലപിച്ച മനുഷ്യാവകാശ സംഘടനകൾ കപട വിചാരണയാണ് ഇവർ നേരിട്ടതെന്ന് ആരോപിച്ചു. ഇവർ കസ്റ്റഡിയിൽ ക്രൂരമായ മർദ്ദനങ്ങൾ നേരിട്ടെന്നും പറയപ്പെടുന്നു. കേസിൽ മറ്റ് മൂന്ന് പേർ കൂടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. 22കാരനായ കരാമിയെ വധശിക്ഷയ്ക്ക് മുമ്പ് തങ്ങളെ കാണിക്കുക പോലും ചെയ്തില്ലെന്ന് കുടുംബം പറഞ്ഞു. ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബറിൽ ആരംഭിച്ച പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.

ഏകദേശം 70 കുട്ടികൾ ഉൾപ്പെടെ 516 പ്രക്ഷോഭകരും 68 സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടലുകളിൽ ഇതുവരെ കൊല്ലപ്പെട്ടതായി മനുഷ്യവകാശ സംഘടനകൾ പറയുന്നു. 19,262 പേർ അറസ്റ്റിലായി. ഡിസംബർ 8നായിരുന്നു ആദ്യ വധശിക്ഷ. ഡിസംബർ 12ന് മറ്റൊരാളെയും തൂക്കിലേറ്റി. നിരപരാധികളാണെന്ന് കാട്ടി ഇവർ അപ്പീൽ നൽകിയിരുന്നെങ്കിലും തള്ളി. കുറഞ്ഞത് 26 പേർക്കെങ്കിലും വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയിട്ടുണ്ടെന്ന് കരുതുന്നു.