ഗുരവേ നമ:

Sunday 08 January 2023 10:01 AM IST

'' ഗുരുർ ബ്രഹ്മ: ഗുരുർ വിഷ്ണു:
ഗുരുർ ദേവോ മഹേശ്വര:
ഗുരുസാക്ഷാത് പരബ്രഹ്മ:
തസ്മൈ ശ്രീ ഗുരവേ നമ: "


വേദവ്യാസ വിരചിതമെന്നു കരുതപ്പെടുന്ന സ്‌കന്ദപുരാണത്തിലെ ഗുരുഗീത എന്ന ഭാഗത്തുനിന്നുള്ള വരികളാണിവ. ധ്യാനത്തിലിരിക്കുന്ന പരമശിവനോട് പാർവതി ചോദിക്കുന്നു, ലോകത്തിലെ സർവരും അങ്ങയെ ധ്യാനിക്കുമ്പോൾ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് ?. മഹാദേവൻ ഉമയ്ക്കു നൽകുന്ന മറുപടിയാണ് മുകളിലെ വരികൾ. അതിന്റെ അർത്ഥം ഏതാണ്ട് ഇപ്രകാരമാണ്. ഞാനും ബ്രഹ്മാവും വിഷ്ണുവും ഗുരുക്കന്മാരാണ്, എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട്. അതു സാക്ഷാൽ പരബ്രഹ്മമാകുന്നു. ആ മഹാഗുരുവിനെയാണ് ഞാൻ ധ്യാനിക്കുന്നത്, നമിക്കുന്നത്. തുടർന്നുള്ള വരികളിൽ ശ്രേഷ്ഠനായ ഗുരുവിനെ എങ്ങനെ സമ്പാദിക്കാമെന്നും അദ്ദേഹത്തെ എങ്ങനെ ആരാധിക്കണമെന്നും ഗുരുവിന്റെ ഉപദേശങ്ങൾ അനുസരിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടാകുമെന്നും അല്ലാത്തപക്ഷം എന്തൊക്കെ അനർത്ഥങ്ങൾ സംഭവിക്കുമെന്നുമൊക്കെ പാർവതിയുടെ നിരവധിയായ ചോദ്യങ്ങൾക്കു പരമശിവൻ മറുപടി നൽകുന്നു. നമ്മുടെ നാട്ടിലെ വിവിധ ഹൈന്ദവ സംഘടനകളുടെ യോഗങ്ങളിൽ അർത്ഥം അറിഞ്ഞോ അറിയാതെയോ ഈ വരികൾ ആലപിക്കപ്പെടുന്നുണ്ട്. അപ്പോഴൊക്കെ വേദിയിലും സദസിലുമുള്ളവർ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കാറുമുണ്ട്.

ജനുവരി ഒന്നാം തീയതി ഞായറാഴ്ച കണ്ണൂർ ശ്രീനാരായണ കോളേജിൽ നടന്ന പരിപാടിയിലും ഈ വരികൾ ആലപിക്കപ്പെട്ടു. വേദിയിലുണ്ടായിരുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനുമൊക്കെ എഴുന്നേറ്റു നിന്നു. സദസ്യരും ഒന്നടങ്കം എഴുന്നേറ്റു. ഉദ്ഘാടകനായെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേൽക്കാൻ ആഞ്ഞു; പിന്നീട് സ്വസ്ഥാനത്ത് അമർന്നിരുന്നു. എഴുന്നേൽക്കാൻ ഒരുങ്ങിയ കണ്ണൂർ എം.എൽ.എ കടന്നപ്പള്ളി രാമചന്ദ്രനോടും ഇരിക്കാൻ ആവശ്യപ്പെട്ടു. മുഖ്യനെ ഭയന്നിട്ടോ എന്തോ അദ്ദേഹം അതനുസരിച്ചു. വേദിയിലോ സദസിലോ ഉള്ള ആരും അതേക്കുറിച്ചു പ്രതികരിച്ചില്ല. പക്ഷേ അന്നു വൈകുന്നേരമാകുമ്പോഴേക്കും ദൃശ്യങ്ങൾ വൈറലായി. മുഖ്യമന്ത്രിയുടെ ഗുരുനിന്ദ പൊതുസമൂഹത്തിൽ ചർച്ചാവിഷയമായി. പിണറായി വിജയൻ ശ്രീനാരായണ ഗുരുവിനെ അവഹേളിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും കേന്ദ്രസഹമന്ത്രി വി. മുരളീധരനും ഏകസ്വരത്തിൽ ആരോപിച്ചു. കോൺഗ്രസുകാരും ബി.ജെ.പിക്കാരും മത്സരിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. ക്രൈസ്തവരുടെയോ മുസ്ലിങ്ങളുടെയോ എതെങ്കിലും ചടങ്ങിൽ ഇതുപോലൊരു ധിക്കാരം കാണിക്കാൻ ഇദ്ദേഹത്തിനു ധൈര്യം വരുമോ എന്ന് പലരും ചോദിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ വേദിയിലായിരുന്നു ഇതുപോലൊരു സംഭവം ഉണ്ടായതെങ്കിൽ എന്താകുമായിരുന്നു പ്രതികരണമെന്നും ചോദ്യമുണ്ടായി. ശംഖുമുഖത്തെ വേദിയിൽ വി.എസ്. അച്യുതാനന്ദനെ കണ്ടപ്പോൾ എഴുന്നേൽക്കാതിരുന്ന വിജയൻ, എടപ്പാളിൽ അബ്ദുൽ നാസർ മദനിയെ ആലിംഗനം ചെയ്ത കാര്യം പലരും ഓർമ്മിച്ചു. തൊട്ടുപിന്നാലെ ന്യായീകരണ തൊഴിലാളികളും ക്യാപ്‌സൂൾ നിർമ്മാതാക്കളും രംഗത്തുവന്നു. വേദിയിൽ ആലപിച്ച വരികൾ സ്‌കന്ദപുരാണം എന്ന പരമ പിന്തിരിപ്പൻ ബൂർഷ്വ കൃതിയിൽ നിന്നുള്ളതാണെന്നും അതിനു ഗുരുദർശനത്തോടു യാതൊരു ചാർച്ചയുമില്ലെന്നും ഇക്കൂട്ടർ കണ്ടുപിടിച്ചു. മാത്രമല്ല, ആ വരികളെ അനാദരിച്ചതിലൂടെ മുഖ്യമന്ത്രി യഥാർത്ഥത്തിൽ ശ്രീനാരായണ ഗുരുദേവനെ ആദരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അവർ വ്യാഖ്യാനിച്ചു. മുഖ്യമന്ത്രിയോടൊപ്പം വേദിയിലുണ്ടായിരുന്ന എം.വി.ജയരാജൻ അത്രത്തോളം പോകാൻ കൂട്ടാക്കിയില്ല. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി നിർദേശിച്ചതുകൊണ്ടാണ് മുഖ്യമന്ത്രി എഴുന്നേൽക്കാതിരുന്നതെന്നു വ്യക്തമാക്കി. സുജനമര്യാദയോർത്ത് യോഗം ജനറൽ സെക്രട്ടറി മൗനം പാലിച്ചു.

മുഖ്യമന്ത്രി ഇങ്ങനെയൊരു വിവാദം ഉണ്ടായതായി ഭാവിച്ചില്ല.

ഗുരുക്കന്മാരോട് ഭക്തിയെന്നല്ല യാതൊരുവിധ മതിപ്പോ ബഹുമാനമോ ഉള്ളവരല്ല നമ്മുടെ നാട്ടിലെ മാർക്‌സിസ്റ്റുകാർ,​ പ്രത്യേകിച്ച് വിദ്യാർത്ഥി യുവജനരംഗത്തുകൂടി രാഷ്ട്രീയത്തിൽ വന്നവർ. സമീപകാലത്താണ് എറണാകുളം മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത്. അതേക്കുറിച്ച് പാർട്ടി നേതൃത്വമോ വിദ്യാർത്ഥി സംഘടനാ നേതൃത്വമോ കോളേജ് അദ്ധ്യാപകൻ കൂടിയായിരുന്ന അന്നത്തെ വിദ്യാഭ്യാസ മന്ത്രിയോ എപ്പോഴെങ്കിലും ഖേദം പ്രകടിപ്പിച്ചതായി അറിയില്ല. ആ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കോളേജിയറ്റ് എഡ്യുക്കേഷൻ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ വിദ്യാർത്ഥികളെ വെള്ളപൂശുകയും പ്രിൻസിപ്പലിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന റിപ്പോർട്ടാണ് സർക്കാരിലേക്കു സമർപ്പിച്ചതും. പാലക്കാട് വിക്ടോറിയ കോളേജിലെ വനിതാ പ്രിൻസിപ്പൽ വിരമിച്ച ദിവസം അവർക്ക് കുഴിമാടമൊരുക്കിയാണ് എസ്.എഫ്.ഐക്കാർ യാത്രയയപ്പ് നൽകിയത്. അതിനെ പ്രതിഷ്ഠാപനകല എന്നു വിശേഷിപ്പിച്ചാണ് രണ്ടാം മുണ്ടശേരി എന്ന് പ്രസിദ്ധനായ മുൻ വിദ്യാഭ്യാസമന്ത്രി അനുമോദിച്ചത്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ വനിതാ പ്രിൻസിപ്പൽ വിരമിച്ചദിവസം വിപ്ലവവിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകർ സാമൂഹിക മാദ്ധ്യമങ്ങളിൽ അവർക്ക് ആദരാഞ്ജലി അർപ്പിച്ചു. കഴിഞ്ഞമാസമാണ് തൃശൂരിലെ ഒരു പോളിടെക്നിക്കിൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അതിക്രമിച്ചുകയറി പ്രിൻസിപ്പലിന്റെ മുട്ടുകാൽ തല്ലിയൊടിക്കും എന്നു ഭീഷണി മുഴക്കിയത്. അതുകേട്ടിട്ടും അവിടെയുണ്ടായിരുന്ന നിയമപാലകർ ഞങ്ങൾ ഈ നാട്ടുകാരല്ല എന്ന മട്ടിൽ നിസംഗരായി നിന്നു. ആലപ്പുഴ സനാതനധർമ്മ കോളേജിലെ വനിതാ പ്രിൻസിപ്പലിനെ ദൈനംദിനാടിസ്ഥാനത്തിലാണ് എസ്.എഫ്.ഐക്കാർ ഘെരാവോ ചെയ്തത്. ആ പ്രക്ഷോഭം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇവരുടെയൊക്കെ തലതൊട്ടപ്പനാണ് കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി. അതുകൊണ്ട് ഗുരുവന്ദന സമയത്ത് അദ്ദേഹം എഴുന്നേറ്റു നിന്നിരുന്നെങ്കിൽ അതു വലിയൊരു വിരോധാഭാസമായി പരിണമിക്കുമായിരുന്നു.

പിന്നെ,​ ശ്രീനാരായണ ഗുരുദേവന്റെ കാര്യം. അതൊക്കെ വലിയ തമാശയാണ്. യുവജന സംഘടനയുടെ സമ്മേളനം നടക്കുമ്പോൾ വിവേകാനന്ദന്റെയും മദർ തെരേസയുടെയും ചാവറ കുര്യാക്കോസ് അച്ചന്റെയും കൂട്ടത്തിൽ നാരായണഗുരുവിന്റെ പടവും വരച്ചുവയ്ക്കും. ശിവഗിരി തീർത്ഥാടനകാലത്ത് ശ്രീനാരായണഗുരു മഹാനായിരുന്നു, ലോകത്തിനു മാതൃകയായിരുന്നു എന്നൊക്കെ പ്രസംഗിക്കും. നവോത്ഥാന നായകനായി വിശേഷിപ്പിക്കും. അതിനപ്പുറം ഗുരുവിനെ ഏതുനിലയ്ക്കു നിന്ദിക്കാനും മടിക്കുകയില്ല. ശ്രീനാരായണഗുരു ഒരു ബൂർഷ്വ സമുദായ പരിഷ്‌‌കർത്താവ് മാത്രമായിരുന്നുവെന്ന് സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് സൈദ്ധാന്തികതലത്തിൽ പണ്ടേ വ്യാഖ്യാനിച്ചിട്ടുണ്ട്. പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറിസ്ഥാനം ഏറ്റെടുത്ത് അധികം കഴിയുന്നതിനു മുമ്പാണ് 2000-2001 കാലത്ത് കൊല്ലം എസ്.എൻ കോളേജിൽ എസ്.എഫ്‌.ഐക്കാർ വലിയ സമരം സംഘടിപ്പിച്ചത്. സമരത്തിന്റെ അടുത്തഘട്ടത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും ഓഫീസുകൾ ആക്രമിക്കപ്പെട്ടു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പലയിടത്തും ഗുരുമന്ദിരങ്ങൾക്കും ഗുരുദേവ പ്രതിമകൾക്കും നേരെ ആക്രമണം ഉണ്ടായി. മറ്റെല്ലാ സമുദായക്കാരും ജാതിനോക്കി വോട്ട് ചെയ്യും ; ഈഴവർ മാത്രം ചിഹ്നം നോക്കി കുത്തും എന്ന വിശ്വാസമായിരുന്നു അപ്പോഴൊക്കെ സഖാക്കളെ ഭരിച്ചിരുന്നത്. 2001 ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ അതിനു ചെറിയൊരു മാറ്റമുണ്ടായി. സമുദായത്തിലെ ഒരുവിഭാഗം അംഗങ്ങളെങ്കിലും മാറി ചിന്തിച്ചു. പരിണതഫലം, പുനലൂരൊഴികെ കൊല്ലം ജില്ലയിലെ സകല സീറ്റുകളും ഇടതുമുന്നണിക്കു നഷ്ടപ്പെട്ടു. വർക്കലയിൽ സഖാവ് ഗുരുദാസൻ പോലും പരാജയപ്പെട്ടു. അളമുട്ടിയാൽ ചേരയും കടിക്കും എന്ന പഴഞ്ചൊല്ല് അങ്ങനെ അന്വർത്ഥമായി.

Advertisement
Advertisement