വിലയും, ഉത്പാദനവും കീഴോട്ട്; കണ്ണീർപ്പാൽ ചുരന്ന് റബർ കർഷകർ

Monday 09 January 2023 12:35 AM IST

കോട്ടയം . കാലാവസ്ഥാ വ്യതിയാനം മൂലം റബറിന്റെ ഉത്പാദനം കുറഞ്ഞത് കർഷകന് ഇരുട്ടടിയായി. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ റബറിന് ഏറ്റവും ഉയർന്ന ഉത്പാദനം ലഭിക്കേണ്ട സമയമാണ്. എന്നാൽ ഇടയ്ക്ക് പെയ്ത ശക്തമായ മഴയിൽ റബറിന്റെ ഇലകൾ പൊഴിഞ്ഞു. ആഹാരം പാകം ചെയ്യേണ്ട ഇലകൾ പൊഴിഞ്ഞതോടെ പ്രകാശസംശ്ലേഷണം നടക്കാതെ വന്നതോടെ റബർപ്പാലിന്റെ ഉത്പാദനം കുറഞ്ഞു. സാധാരണ ഗതിയിൽ വർഷത്തിൽ ഒരിക്കൽ മാത്രമാണ് റബർ മരങ്ങൾ (ജനുവരി മാസം) ഇലപൊഴിച്ചുകൊണ്ടിരുന്നത്. റബറിന്റെ വില കിലോയ്ക്ക് 130 രൂപയായി താഴ്ന്നു. 15 വർഷം മുൻപ് 250 രൂപ വരെ റബറിന് ലഭിച്ചിരുന്നു. കഴിഞ്ഞവർഷം 190 വരെ വില ഉയർന്നിരുന്നു. മുൻപ് ലാറ്റക്‌സിന് കിലോയ്ക്ക് 180 രൂപ വരെ കിട്ടിയിരുന്നത് 90 ലേക്ക് കൂപ്പുകുത്തി. റബർ ഷീറ്റ് അമിതമായി ഇറക്കുമതി ചെയ്തത് മൂലം കമ്പോളത്തിൽനിന്ന് ടയർ വ്യവസായികൾ ഭാഗികമായി വിട്ടുനിൽക്കുന്നതാണ് ആഭ്യന്തര വിപണിയിൽ റബർ വിലയിടിവിന് കാരണം.

ടാപ്പിംഗിന് ആളെ കിട്ടാനില്ല.

കാലാവധി കഴിഞ്ഞ് വെട്ടുന്ന റബർമരങ്ങളിൽ 50 ശതമാനം കൃഷിക്കാരനും 50 ശതമാനം ടാപ്പിംഗ് നടത്തുന്ന തൊഴിലാളികൾക്കും എന്ന കാരാർ വ്യവസ്ഥയിലായിരുന്നു ചില മേഖലകളിൽ റബർ ടാപ്പിംഗ് നടത്തിയിരുന്നത്. 50 ശതമാനം തൊഴിലാളികൾക്ക് കൊടുത്താലും മതിയായ കൂലി ലഭിക്കാത്തത് മൂലം ടാപ്പിംഗ് തൊഴിലാളികൾ ജോലി ഉപേക്ഷിക്കുകയാണ്. ഇതോടെ ടാപ്പിംഗ് പൂർണമായി നിറുത്തേണ്ടിവന്ന നിരവധി തോട്ടങ്ങളാണുള്ളത്.

റബർ ആൻഡ് പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോജി വാളിപ്ലാക്കൽ പറയുന്നു.

റബർ കൃഷിക്കാരെ രക്ഷിക്കാൻ അടിയന്തിര നടപടിയെടുക്കണം. റബറിന്റെ അടിസ്ഥാന വില 200 ലേക്ക് ഉയരാത്തത് മൂലം റബർകൃഷി നടത്തി ലാഭമുണ്ടാക്കുക എന്നത് കൃഷിക്കാരെ സംബന്ധിച്ച് സാദ്ധ്യമല്ല. മാറിവരുന്ന കാലാവസ്ഥക്ക് അനുസരിച്ച് നടീൽവസ്തുക്കൾ വികസിപ്പിച്ചെടുക്കണം.