വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവം ഏറെ വിഷമമുണ്ടാക്കിയെന്ന് ടാറ്റ സൺസ് ചെയർമാൻ

Sunday 08 January 2023 4:09 PM IST

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രക്കാരിയുടെ മേൽ വ്യവസായി മൂത്രമൊഴിച്ച സംഭവം വ്യക്തിപരമായി ഏറെ വിഷമമുണ്ടാക്കിയെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. വിഷയത്തിൽ കമ്പനി കുറച്ചുകൂടി വേഗതയിൽ പ്രതികരിക്കണമായിരുന്നെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

2022 നവംബർ 26ന് എയർ ഇന്ത്യയിൽ നടന്ന സംഭവം തനിക്കും സഹപ്രവർത്തകർക്കും വ്യക്തിപരമായി ഏറെ വിഷമമുണ്ടാക്കി. എയർ ഇന്ത്യയുടെ പ്രതികരണം കുറച്ചുകൂടി പെട്ടെന്ന് വേണമായിരുന്നു. വിഷയം എങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടിയിരുന്നത് അത്തരത്തിൽ പ്രവർത്തിക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും എൻ ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

എയർ ഇന്ത്യയും ടാറ്റ ഗ്രൂപ്പും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി എപ്പോഴും ആത്മാർത്ഥമായി പ്രവർത്തിക്കും. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയുന്നതിനും പരിഹരിക്കുന്നതിനുമായി എല്ലാകാര്യങ്ങളും പരിശോധിക്കുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

ന്യൂയോർക്ക്- ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യ നടപടികൾ കടുപ്പിച്ചിരുന്നു. ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന പരാതിക്കാരിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ നാല് ക്യാബിൻ ക്രൂവിനും പൈലറ്റിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി എയർ ഇന്ത്യ സി ഇ ഒ ക്യാമ്പൽ വിൽസൺ അറിയിച്ചു. സംഭവത്തിൽ ക്യാമ്പൽ വിൽസൺ ക്ഷമ ചോദിക്കുകയും ചെയ്തു.

സഹയാത്രികയോട് അതിക്രമം കാട്ടിയ ശങ്കർ മിശ്ര സംഭവദിവസം മദ്യപിച്ചിരുന്നു. ഇയാൾക്ക് മദ്യം നൽകിയതിലടക്കം വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു. വീഴ്ചകൾ ആവർത്തിക്കരുതെന്ന് കാട്ടി ക്യാമ്പൽ വിൽസൺ ജീവനക്കാർക്ക് കത്ത് അയച്ചു. പ്രശ്നങ്ങളുണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്. അന്വേഷണവുമായി എയർ ഇന്ത്യയും മുന്നോട്ടുപോവുകയാണ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് നാല് ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു.