ഈ തുരുത്തിൽ എങ്ങനെ കണ്ണ് ഉടക്കാതിരിക്കും.

Monday 09 January 2023 12:37 AM IST

കോട്ടയം . ചുരുങ്ങിയകാലം കൊണ്ട് കലയുടെയും, കാഴ്ചയുടെയും പറുദീസയായി മാറിയ മറവൻതുരുത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് കൂടുതൽ കരുത്തേകാൻ ഒരു കോടി രൂപ കൂടി അനുവദിച്ചതി​ന്റെ സന്തോഷത്തിലാണ് നാട്ടുകാർ. ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി ഉൾപ്പെടെയുള്ളവയ്ക്കാണ് ഇത്തവണ തുക വകയിരുത്തിയത്. ആറ്റുവേലക്കടവ്, തുരുത്തമ്മ തൂക്കുപാലം എന്നിവിടങ്ങളിലാണ് ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി വരിക. കേരള ഷിപ്പിം​ഗ് ആൻഡ് ഇൻലാൻഡ് നാവി​ഗേഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. സംസ്ഥാന ഉത്തരവാദിത്ത ടൂറിസത്തി​ന്റെ ആഭിമുഖ്യത്തിൽ കുലശേഖരമം​ഗലം ഉത്തരവാദിത്ത ടൂറിസം ക്ലബ് എല്ലാ മാസവും പാട്ടുകൂട്ടവും നാട്ടുചന്തയും ഇത്തിപ്പുഴയിൽ എന്ന പരിപാടിയ്ക്ക് രൂപം കൊടുത്തിരിക്കുകയാണ്. ആദ്യ പരിപാ‍ടി 14 ന് ഉച്ചക്കഴിഞ്ഞ് 2 30 മുതൽ രാത്രി 8 വരെ നടക്കും. നാട്ടിലെ കർഷകരുടെ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി അൻപതോളം ​സ്റ്റാളുകളാണ് ഇത്തിപ്പുഴയുടെ തീരത്ത് ഒരുക്കുക. നാട്ടുചന്തയോടൊപ്പം കലാപരിപാടികളും ശിക്കാര വള്ള യാത്രയും നടക്കും.

ആ​ഗോള ശ്രദ്ധ നേടുന്ന തുരുത്ത്.
വേറിട്ട ടൂറിസം പ്രവർത്തനത്തിലൂടെ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടുകയാണ് മറവൻതുരുത്ത്. അരിവാൾതോട്, കൂട്ടുമ്മേൽ മൂഴിക്കൽ (ആർട്ട് സ്ട്രീറ്റ്), മൂഴിക്കൽ വായനശാല എന്നിവ മറവൻതുരുത്തിലെ അംഗീകൃത ടൂറിസം കേന്ദ്രങ്ങളാണ്. വീടി​ന്റെയും പുരയിടത്തി​ന്റെയും മതിലുകളിൽ ചിത്രങ്ങൾ വരച്ച് അതിമനോഹര കാഴ്ചയൊരുക്കി സഞ്ചാരികളെ ആകർഷിക്കുകയാണ് മറവൻതുരുത്ത്. പഞ്ഞിപ്പാലം, മൂഴിക്കൽ വായനശാല എന്നിവിടങ്ങളാണ് കയാക്കിം​ഗ് ​സ്റ്റാർട്ടിംഗ് പോയി​ന്റുകൾ. അരിവാൾത്തോടി​ന്റെ മനോഹാരിതയും ഗ്രാമീണക്കാഴ്ചകളും ആസ്വദിച്ച് യാത്ര ചെയ്യാം. സൂര്യോദയവും സൂര്യാസ്തമയവുമാണ് പ്രധാന ആകർഷണങ്ങൾ. ഡിസംബർ, ജനുവരി മാസങ്ങളിലാണ് സഞ്ചാരികളുടെ തിരക്ക്.

മറവൻതുരുത്തി​ന്റെ ടൂറിസം വികസനത്തിന് ഫണ്ട് അനുവദിച്ചതിൽ സന്തോഷമുണ്ട്. ​വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് പദ്ധതികൾ വിജയം കണ്ടു.

ടി കെ സുവർണ്ണൻ (ഉത്തരവാദിത്ത ടൂറിസം ക്ലബ് പ്രസിഡ​ന്റ്)

Advertisement
Advertisement