മരം മോഷ്ടിച്ചയാൾ പിടിയിൽ

Monday 09 January 2023 1:14 AM IST

ചാരുംമൂട്. ഉടമസ്ഥൻ അറിയാതെ മരം മുറിച്ചു കടത്തിയ സംഭവത്തിൽ നൂറനാട് പള്ളിക്കൽ ആതിരാലയത്തിൽ ബിജു ആനന്ദനെ (49) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുറിച്ച മരം നൂറനാട് പാറ ജംഗ്ഷനിലുള്ള കൃഷ്ണ സാ മില്ലിൽ നിന്നു കണ്ടെത്തി.

ഭരണിക്കാവ് തെക്ക് മുറിയിൽ സ്വാതിയിൽ ജയശ്രീ തമ്പിയുടെ ഉടമസ്ഥതയിലുള്ള നൂറനാട് മുതുകാട്ടുകരയിലെ വസ്തുവിൽ നിന്നാണ് മരം മോഷണം പോയ വിവരം നാട്ടുകാരാണ് ജയശ്രീയെ അറിയിച്ചത്. തുടർന്ന് ഇവർ നൂറനാട് പൊലീസിൽ പരാതി നൽകി. തടി വിലയ്ക്ക് വാങ്ങിയത് താമരക്കുളം കോട്ടയ്ക്കട്ട്ശേരി കൈലാസത്തിൽ രാധാകൃഷ്ണനാണെന്ന് കണ്ടെത്തിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോൾ ബിജുവാണ് മരം നൽകിയതെന്ന് കണ്ടെത്തി. പറമ്പിന്റെ ഉടമസ്ഥ മരം വിൽക്കാൻ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നാണ് ബിജു വിശ്വസിപ്പിച്ചത്. രാധാകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിജുവിനെ അടൂരിൽ നിന്നു അറസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ മോഷണക്കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ബിജു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 2ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ പി. ശ്രീജിത്ത്, എസ്.ഐ നിധീഷ്, ജൂനിയർ എസ്.ഐ ദീപു പിള്ള, എ.എസ്.ഐ പുഷ്പ ശോഭൻ, എ.എസ്.ഐ ബിന്ദു രാജൻ, സി.പി.ഒമാരായ രഞ്ജിത്ത്, കലേഷ്, സന്തോഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.