അടുക്കളയിലെ അറയിൽ 14 ലിറ്റർ വിദേശമദ്യം, ഗൃഹനാഥൻ അറസ്റ്റിൽ
ഹരിപ്പാട്: മിനി ബാറായി പ്രവർത്തിച്ചിരുന്ന വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 14 ലിറ്റർ ഇന്ത്യൻനിർമിത വിദേശ മദ്യവുമായി ഗൃഹനാഥൻ അറസ്റ്റിൽ. മുതുകുളം ഫ്ലവർജഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് മുതുകുളം തെക്കുമുറിയിൽ വിശ്വഭവനത്തിൽ ഓമനക്കുട്ടന്റെ (51) വീട്ടിൽ ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അടുക്കളയിലെ രഹസ്യ അറയിൽ നിന്ന് വിദേശമദ്യം പിടികൂടിയത്. ഒരുലിറ്റർ കൊള്ളുന്ന 14 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. വീട്ടിൽ മുമ്പും എക്സൈസ് പരിശോധന നടത്തിയിട്ടുണ്ട്. പക്ഷേ, രഹസ്യ അറ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാൾ മുമ്പും അബ്കാരി കേസുകളിൽ പ്രതിയാണ്. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ എസ്.അക്ബർ, എം.ആർ.സുരേഷ്, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം. അബ്ദുൽഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർ യു. ഷാജഹാൻ, ഡ്രൈവർ വർഗീസ് എന്നിവർ പങ്കെടുത്തു.