കരുവാറ്റയിലെ കരിഞ്ചന്ത: കളക്ടർക്ക് റിപ്പോർട്ട് നൽകി

Monday 09 January 2023 1:26 AM IST

ആലപ്പുഴ: കരുവാറ്റയിലെ സ്വകാര്യ ഷെഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 1400 കിലോ റേഷനരി കണ്ടെടുത്ത സംഭവത്തിൽ ജില്ലാ സപ്ളൈ ഓഫീസർ കളക്ടർക്ക് റിപ്പോർട്ട് കൈമാറി.

കാർത്തികപ്പള്ളി താലൂക്ക് സപ്ളൈ ഓഫീസിൽ നിന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ലഭിച്ചെങ്കിലും ഗുണനിലവാര പരിശോധന ഫലം വൈകി. ഇതിനാൽ കളക്ടർക്ക് റിപ്പോർട്ട് കൈമാറാനും താമസമുണ്ടായി. കഴിഞ്ഞ ദിവസമാണ് ഗുണനിലവാര പരിശോധന ഫലം ലഭിച്ചത്. ഇതുൾപ്പെടെയാണ് തുടർ നടപടിക്കായി കളക്ടർ വി.ആർ.കൃഷ്ണതേജയ്ക്ക് ജില്ലാ സപ്ളൈ ഓഫീസർ ടി.ഗാനദേവി റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞ 31നാണ് ജില്ലാ സപ്ളൈ ഓഫീസറുടെ നേതൃത്വത്തിൽ റേഷനിംഗ് ഇൻസ്പെക്ടർമാർ ഉൾപ്പെട്ട സംഘം കരുവാറ്റ എസ്.എൻ കടവിന് സമീപം മുജീബിന്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ മിന്നൽ പരിശോധന നടത്തി റേഷനരി പിടിച്ചെടുത്തത്. പിടിച്ചെടുത്ത അരി സപ്ളൈകോയുടെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്.

കണ്ടെടുത്ത അരിയുടെ ഉപയോഗം സംബന്ധിച്ച് തുടർ നടപടി സ്വീകരിക്കണമെങ്കിൽ കളക്ടറുടെ അനുമതി വേണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അരിയുടെ ഉപയോഗം സംബന്ധിച്ച അനുമതി ഉടനുണ്ടാകും. ഇതിനാണ് കാർത്തികപ്പള്ളി താലൂക്ക് സപ്ളൈ ഓഫീസിൽ നിന്ന് ക്വാളിറ്റി കൺട്രോളർ റിപ്പോർട്ട് നൽകിയത്. ആറുമാസം മുമ്പും റേഷൻ ഭക്ഷ്യധാന്യങ്ങൾ മുജീബിന്റെ കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തിരുന്നു. കരിഞ്ചന്തയിലേക്ക് അരികടത്തുന്ന സംഘങ്ങളുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെയും സിവിൽ സപ്‌ളൈസ് വകുപ്പിന്റെയും വിജിലൻസുകൾ പ്രത്യേകം അന്വേഷണം നടത്തുന്നുണ്ടെന്നും ജില്ല സപ്‌ളൈ ഓഫീസർ പറഞ്ഞു.