ഗുണ്ടകൾ പുറത്ത്, കുടിപ്പകയിലും ഏറ്റുമുട്ടലും ജനം ഭീതിയിൽ

Monday 09 January 2023 3:53 AM IST

 വിരൽചൂണ്ടുന്നത് പൊലീസ് വീഴ്ചയിലേക്ക്

തിരുവനന്തപുരം: ഇന്നലെ പുലർച്ചെ പാറ്റൂരിൽ കാർ തടഞ്ഞുനിറുത്തി നാലുപേരെ വെട്ടിപ്പരിക്കേല്പിച്ച സംഭവം വിരൽചൂണ്ടുന്നത് പൊലീസിന്റെ വീഴ്‌ച്ചകളിലേക്ക്. മ്യൂസിയം സ്റ്റേഷൻ പരിധിയിൽ കണ്ണേറ്റുമുക്ക് പീപ്പിൾസ് നഗറിൽ ആരിഫിന്റെയും ആസിഫിന്റെയും വാടക വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അതിക്രമിച്ച് കയറുകയും ചെയ്‌തതിന്റെ പ്രതികാരമാണ് പാറ്റൂരിലുണ്ടായതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

രാത്രി പത്തരയോടെ കണ്ണേറ്റുമുക്കിൽ നടന്ന അക്രമ സംഭവത്തിൽ ഉൾപ്പെട്ടവർക്കാണ് പ്രത്യാക്രമണത്തിൽ പരിക്കേറ്റത്. രാത്രിയിൽ നഗരത്തിൽ നടന്ന അക്രമത്തിലെ പ്രതികൾ ശംഖുംമുഖം ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുറ്റിക്കറങ്ങിയിട്ടും പൊലീസ് അറിയാതെ പോയത് രാത്രിയിൽ നഗര സുരക്ഷ ഉറപ്പാക്കുന്നതിലെ പൊലീസ് വീഴ്ചയുടെ പ്രധാന തെളിവാണ്.

ആഡംബര വാഹനങ്ങളിലാണ് ഗുണ്ടകളും ലഹരി മാഫിയ തലവന്മാരും സഞ്ചരിക്കുന്നത്. വാഹന പരിശോധന വേളകളിൽ പോലും ആഡംബര വാഹനങ്ങൾ പരിശോധിക്കാൻ പൊലീസ് മെനക്കെടാറില്ല. പാറ്റൂർ സംഭവത്തിൽ പരിക്കേറ്റവരും പ്രത്യാക്രമണത്തിനെത്തിയവരും ആഡംബര വാഹനങ്ങളിലായിരുന്നു സഞ്ചാരം. നാടിനെ ഞെട്ടിച്ച അക്രമികൾ രാത്രിയിൽ നഗരമാകെ ചുറ്റിയടിച്ചിട്ടും നേരം പുലരുംവരെ അവരെ പിടികൂടാൻ കഴിയാത്ത പൊലീസിന്റെ നിഷ്ക്രിയത്വമാണ് ഏറ്റുമുട്ടലിന് വഴിവച്ചത്. സംഭവങ്ങൾ യഥാസമയം അറിഞ്ഞ് റിപ്പോർട്ട് ചെയ്യേണ്ട സ്‌പെഷ്യൽ ബ്രാഞ്ചിനും ഇക്കാര്യത്തിൽ വീഴ്ചപറ്റി.

നഗരത്തിലും റൂറൽ പൊലീസ് ജില്ലയിലുമുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് ഇരുകൂട്ടരും. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളിൽ പലരും ജയിലിന് പുറത്താകുകയും പണമിടപാടുകളും റിയൽ എസ്റ്റേറ്റ് ബിസിനസും നിയന്ത്രിക്കുന്ന മാഫിയ തലവന്മാരായി മാറിയതും തലസ്ഥാനത്ത് വീണ്ടും ഗുണ്ടാകുടിപ്പകയ്ക്കും പരസ്‌പരമുള്ള ഏറ്റുമുട്ടലിനും കാരണമായിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് ആറ്റുകാലിൽ ഗുണ്ടയ്ക്ക് നേരെയുണ്ടായ അക്രമത്തിനുശേഷം വീണ്ടും ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പക നഗരത്തിലെ സ്വൈര ജീവിതത്തിന് തടസമായിരിക്കുകയാണ്. കാപ്പ നിയമപ്രകാരമുള്ള നടപടികൾ ശക്തമാക്കുന്നതിലെ പൊലീസ് വീഴ്ചയാണ് അക്രമസംഭവങ്ങൾക്ക് കാരണം.