കഷ്ടപ്പെട്ടു പിടിക്കുന്ന മത്തി; 'പറ്റിച്ചു' വാങ്ങാൻ ആളേറെ!

Monday 09 January 2023 1:01 AM IST

അമ്പലപ്പുഴ: പൊന്തു വലക്കാർ പിടിച്ചു കൊണ്ടുവരുന്ന മത്തിക്കു വിലയിടിഞ്ഞത് തീരദേശ മേഖലയെ പ്രതിസന്ധിയിലാക്കി. ജില്ലയുടെ തീരത്തു നിന്ന് നൂറു കണക്കിന് പൊന്തുകളാണ് കടലിൽ ഇറക്കുന്നത്. ഒരാൾ മാത്രം തുഴയുന്ന ഇവയ്ക്ക് ഇന്ധന ചെലവില്ല. എന്നാൽ മത്സ്യത്തിന് ന്യായമായ വില ലഭിക്കാത്തത് മേഖലയെ പൂർണമായും പ്രതിസന്ധിയിലാക്കി.

ജില്ലയുടെ പ്രധാന തീരങ്ങളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി ഹാർബർ, പുന്തല, ആനന്ദേശ്വരം, കാക്കാഴം, വളഞ്ഞവഴി, കുപ്പി മുക്ക്, പുന്നപ്ര ചള്ളി ഫിഷ് ലാന്റ്, പറവൂർ ഗലീലിയ, അറപ്പപ്പൊഴി, വട്ടയാൽ, തുമ്പോളി എന്നിവടങ്ങിൽ മത്തി സുലഭമായി കിട്ടി. തീരത്തോട് ചേർന്നാണ് മത്തി കൂട്ടമായെത്തിയത്. എന്നാൽ ഇവിടെ വലയിടാനുള്ള ആഴമില്ലാത്തതു മൂലം വള്ളം കടലിൽ ഇറക്കിയില്ല. പൊന്തുകൾക്ക് സുലഭമായി മത്തി കിട്ടിയതു മൂലം ചള്ളി ഫിഷ് ലാന്റിംഗ് സെന്ററിലാണ് കരയ്ക്കു കയറിയത്. ഒരാൾ മാത്രമാണ് കടലിൽ വലയിടുന്നതെങ്കിലും നാലു പേരെങ്കിലും വലയിൽ നിന്ന് മീൻ അഴിച്ചു മാറ്റാൻ കാണും. എന്നാൽ കിലോയ്ക്ക് 40 രൂപയ്ക്കാണ് പുന്നപ്ര ചള്ളി ഫിഷ് ലാന്റിംഗ് സെന്ററിൽ നിന്ന് പൊന്തു വലക്കാരുടെ മത്തി മൊത്തക്കച്ചവടക്കാർ എടുത്തത്. വീടുകളിൽ ഇതേ മത്തിയെത്തുമ്പോൾ നൂറു രൂപയോളം 'മൂല്യ'മുണ്ടാവും. ഏറെ ത്യാഗം സഹിച്ച് തങ്ങൾ കൊണ്ടുവരുന്ന മത്സ്യത്തിന് ന്യായമായ വില കിട്ടണമെന്നാണ് പൊന്തു വലക്കാരുടെ ആവശ്യം.